കണ്ണൂര്‍: കണ്ണപുരത്ത് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍. സിപിഎം പ്രവര്‍ത്തകരെ വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളുമെന്നും, വീട്ടില്‍ കയറി വെട്ടുമെന്നുമായിരുന്നു മുദ്രാവാക്യം. പൊലീസുകാരുടെ മുന്നില്‍ കൊലവിളി നടത്തിയിട്ടും കേസെടുത്തിട്ടില്ലെന്നാണ് ആക്ഷേപം. എന്നാല്‍ ആരും പരാതി നല്‍കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂര്‍ കണ്ണപുരത്ത് സിപിഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍ ബിജെപിക്കാര്‍ തന്നെയാണ് ബൈക്ക് കത്തിച്ചതെന്നാണ്് സിപിഎം പറയുന്നത്
ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. അതിന് ശേഷവും ഒരു നടപടിയുമുണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ കണ്ണപുരം പൊലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റാണ് ഈ ധര്‍ണ ഉദ്ഘാടനം ചെയ്തത്. പൊലീസിന് സിപിഎം ചായ്‌വാണെന്നും, സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്ത അക്രമങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നില്ലെന്നുമായിരുന്നു ആരോപണം. ഇതിലുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു ധര്‍ണയില്‍ പങ്കെടുത്തവര്‍.
”അക്രമത്തിന് കോപ്പ് കൂട്ടും, കുട്ടിസഖാക്കളെ അടക്കീല്ലെങ്കില്‍, ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, വീട്ടില്‍ കിടന്ന് ഉറങ്ങില്ല, നമ്മുടെ പ്രവര്‍ത്തകരെ തൊട്ടെന്നാല്‍ സിപിഎമ്മിന്‍ നേതാക്കളെ വീട്ടില്‍ കയറി വെട്ടും ഞങ്ങള്‍. ആരാ പറയുന്നെന്നറിയാലോ, ആര്‍എസ്എസ്സെന്ന് ഓര്‍ത്തോളൂ”, എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുന്ന കൊലവിളി മുദ്രാവാക്യം.
മലപ്പുറം മൂത്തേടത്ത് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിലും കൊലവിളി മുദ്രാവാക്യങ്ങളുയര്‍ന്നിരുന്നു. കണ്ണൂരില്‍ ഷുക്കൂറിനെ കൊന്നു തള്ളിയതുപോലെ കൊല്ലുമെന്നായിരുന്നു കൊലവിളി മുദ്രാവാക്യം. കൊലവിളി പ്രകടനത്തില്‍ അ!ഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞിരുന്ന ഡിവൈഎഫ്‌ഐ നേതൃത്വത്തിനും പ്രകടനം വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സെക്രട്ടറിയറ്റും പ്രകടനത്തെ തള്ളിപ്പറയുകയായിരുന്നു.