മുംബൈ: ലോകത്തെ പത്ത് സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇടംപിടിച്ചു. ഏഷ്യയില്‍ നിന്ന് മുകേഷ് അംബാനി മാത്രമാണ് സമ്പന്നരുടെ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ലോകത്തെ പ്രമുഖ ഐടി കമ്പനിയായ ഒറാക്കിള്‍ ഗ്രൂപ്പിന്റെ മേധാവിയായ ലാറി എലിസണിനെ മറികടന്നാണ് മുകേഷ് അംബാനി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത് എത്തിയത്.
റിലയന്‍സിന്റെ 42 ശതമാനം ഓഹരി കൈവശം വെയ്ക്കുന്നത് മുകേഷ് അംബാനിയാണ്. ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപം ഒഴുക്ക് ഉണ്ടായതാണ് മുകേഷ് അംബാനിയുടെ വരുമാനം ഗണ്യമായി ഉയര്‍ത്തിയത്. 2021 ഓടേ റിലയന്‍സ് ബാധ്യതകളില്ലാത്ത കമ്പനിയായി മാറുമെന്നാണ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ റിലയന്‍സിന്റെ ഓഹരിയില്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. ഇത് ഇരട്ടിയാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
തിങ്കളാഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ കുതിച്ചുയരുന്നതാണ് വിപണിയില്‍ ദൃശ്യമായത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മൂല്യം ഉയര്‍ന്നത്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 11.44 ലക്ഷം കോടിയായി ഉയര്‍ന്നു. വിപണി മൂല്യം 15000 കോടി ഡോളര്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.