Home Local News കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0

കോട്ടയം: ഞായറാഴ്ച കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് പളളി വികാരി ഫാ ജോര്‍ജ് എട്ടുപറയിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അച്ചനെ പള്ളി കോമ്പൗണ്ടിലുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംസ്ക്കാരം നാളെ സ്വദേശമായ കുട്ടനാട് മങ്കൊമ്പ് തെക്കേക്കര സെൻ്റ് ജോൺ പള്ളിയിൽ.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഫാ ജോര്‍ജ് എട്ടുപറയിലിനെ കാണാതായത്. കാണാതായപ്പോൾ
മൊബൈൽ ഫോൺ നിശബ്ദമാക്കിവച്ച് മുറി ചാരിയിട്ട നിലയിലായിരുന്നു. കാറിൻ്റെ താക്കോലും അച്ചൻ്റെ മുറിയിലുണ്ടായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത നിലയിൽ ആയിരുന്നു. രാത്രി ഏറെ വൈകി അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

ഏതാനും ദിവസം മുമ്പ് പള്ളിയുടെ പുകപ്പുരയിൽ ഉണ്ടായ തീപിടിത്തത്തിൽ ചിലർക്ക് പൊള്ളലേറ്റിരുന്നു. കടുത്ത രക്തസമ്മർദ്ദമുള്ള വൈദികൻ ഇതേ തുടർന്ന് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് വിശ്വാസികൾ പറഞ്ഞു.
പോലീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിൽ സേവനമനുഷ്ടിച്ചിരുന്ന ഫാ. ജോര്‍ജ് എട്ടുപറയിൽ 2020 ഫെബ്രുവരിയിലാണ് പുന്നത്തുറ പള്ളി വികാരിയായി ചുമതലയേറ്റത്.

ഫാ. ജോര്‍ജ് എട്ടുപറയുടെ മരണത്തില്‍ ചങ്ങനാശേരി അതിരൂപത അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.

ജോര്‍ജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തില്‍ ചങ്ങനാശേരി അതിരൂപതാ കുടുംബം മുഴുവന്‍ പങ്കുചേരുന്നതായി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു. പോലീസിന്റെ എല്ലാ നിയമ നടപടികളോടും പൂര്‍ണ്ണമായി സഹകരിക്കുമെന്നും അതിരൂപത വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here