സൂക്ഷിക്കുക ; സമാന ലക്ഷണങ്ങളോടെ കൊറോണയ്ക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകം

തിരുവനന്തപുരം : സൂക്ഷിക്കുക സമാന ലക്ഷണങ്ങളോടെ കൊറോണയ്ക്കൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. കൊറോണയുടെയും വൈറല്‍ പനികളുടെയും പ്രാരംഭലക്ഷണങ്ങളെല്ലാം ഒരുപോലെയാണെന്നതാണ് കൂടുതല്‍ ആശങ്ക വിതയ്ക്കുന്നതെന്ന് ആരോഗ്യ വിദഗ്ദർ.

കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്ത് 589 ഡെങ്കിപ്പനി, 91 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കൊറോണയുടെ പ്രാരംഭലക്ഷണവും പനിയും തൊണ്ടവേദനയുമാണ്. ഇതോടെ പനിയുമായി ആശുപത്രികളിൽ എത്തുന്നവരുടെയും കൊറോണ പരിശോധന ആവശ്യപ്പെടുന്നവരുടെയും എണ്ണം കൂടുന്നുണ്ട്.

ഡെങ്കിപ്പനിക്ക് പനിക്ക് പുറമേയുള്ള ലക്ഷണങ്ങളുമുണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പറഞ്ഞു. പനിയോടൊപ്പം പേശിവേദനയുണ്ടാകും. കിടക്കാന്‍പോലും സാധിക്കാത്ത രീതിയില്‍ പേശിവേദനയുള്ളതിനാലാണ് ഡെങ്കിയെ ബ്രേക്ക് ബോണ്‍ ഫീവര്‍ എന്ന് വിളിക്കുന്നത്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ ഡെങ്കിക്ക് ഉണ്ടാകില്ല.

എലിപ്പനി ബാധിച്ചാല്‍ കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, തുടപേശി വേദന തുടങ്ങിയവയും ഉണ്ടാകും. പനി ലക്ഷണം കാണുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ട കാര്യമില്ലെന്നും ഡോ. പത്മകുമാര്‍ പറഞ്ഞു. അടുത്ത മൂന്നുമാസം പനികള്‍ കൂടാനുള്ള സാധ്യതയുണ്ടെന്നും സ്വയം ചികിത്സ പാടില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.