പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിന്‍വലിക്കണം; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: പുരി രഥോത്സവം വിലക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയുടെ വാദം സുപ്രീം കോടതി കേള്‍ക്കും.

പൊതുജന പങ്കാളിത്തം ഇല്ലാതെ പുരി ജഗന്നാഥ ക്ഷേത്ത്രത്തിലെ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നാണ് ഒഡീഷ സര്‍ക്കാരും കേന്ദ്രവും ആവശ്യപ്പെട്ടിട്ടുള്ളത്. ജൂണ്‍ 23 നാണ് രഥയാത്ര നടത്തേണ്ടത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പുരി രഥോത്സവം നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 12 വര്‍ഷം കൂടി ഇതിനു കാത്തിരിക്കേണ്ടി വരുമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയല്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടു കൂടി രഥ യാത്ര നടത്താന്‍ അനുവധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊറോണ നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് ഉള്ളവര്‍ക്കും ക്ഷേത്ര ജീവനക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ജസ്റ്റിസ് അരുണ്‍ മിത്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. ഇന്നു ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വാദം കോടതി കേള്‍ക്കും.
ലക്ഷക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്ന രഥോത്സവം കൊറോണ വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു വികാസ് പരിഷത്ത് എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് രഥോത്സവം ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചത്.