ന്യൂഡെൽഹി: ചൈനീസ് ആപുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉത്തരവിട്ടെന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോർട്ട്. ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം ഉത്തരവിറക്കിയെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് സഹിതമുള്ള ഈ വാര്‍ത്ത വ്യാജമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും ഈ ആപുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണം വരുത്തുമെന്നായിരുന്നു വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ഒരുത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പി.ഐ.ബി ഫാക്ട് ചെക്ക് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയും വ്യാപകമായി പ്രചരിച്ച ഈ ഉത്തരവ് വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായത്.
ടിക് ടോക്, വിമേറ്റ്, വിഗോ വീഡിയോ, ലൈവ്മി, ബിഗോ ലൈവ്, ബ്യൂട്ടി പ്ലസ്, കാംസ്‌കാനര്‍, ക്ലബ് ഫാക്ടറി, ഷെയ്ന്‍, റോംവി, ആപ് ലോക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉടന്‍ തന്നെ നീക്കുമെന്നാണ് വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നത്. കൂട്ടത്തില്‍ മൊബൈല്‍ ഗെയിം ആപ്പുകളായ മൊബൈല്‍ ലെജന്‍ഡ്‌സ്, ക്ലാഷ് ഓഫ് കിംഗ്‌സ്, ഗേല്‍ ഓഫ് സുല്‍ത്താന്‍സ് എന്നിവയും ചൈനയുമായുള്ള ബന്ധത്തിന്റെ പേരില്‍ നിരോധിക്കുമെന്നും പറഞ്ഞിരുന്നു.