നായരമ്പലം സ്വദേശിക്ക് കൊറോണ സ്ഥിരികരിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല; അന്വേഷണം ആരംഭിച്ചു

കൊച്ചി: നായരമ്പലം സ്വദേശിക്ക് കൊറോണ സ്ഥിരികരിച്ചതിന്റെ ഉറവിടം കണ്ടെത്താനായില്ല. ഇയാള്‍ കലൂരിലെയും നായരമ്പലത്തിലെയും സ്വകാര്യ ആശുപത്രികളില്‍ പോയിരുന്നു. കൊറോണ ലക്ഷണങ്ങളോടെ മറ്റൊരാളെ കൂടി ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

ഉറവിടം കണ്ടെത്താനാവാത്ത കേസുകള്‍ ജില്ലയില്‍ വ്യാപിക്കുകയാണ്. നേരത്തെ കളമശേരിയില്‍ ഒരു പൊലീസുകാരനാണ് സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഇദ്ദേഹം നായരമ്പലം വിട്ട് മറ്റെവിടെയും പോയിട്ടില്ല. പനിയെ തുടര്‍ന്ന കഴിഞ്ഞ ദിവസമാണ് ഇയാള്‍ കലൂരിലെ ആശുപത്രിയിലെത്തിയത്. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫലം പോസറ്റീവായതോടെ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കലൂരില്‍ നിന്നാണ് സ്രവം പരിശോധനക്ക് ആയച്ചത്.

ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ വിദേശത്തുനിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും എത്തിയതാണ്. 1043 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 828 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12852 ആണ്. ഇതില്‍ 10336 പേര്‍ വീടുകളിലും, 466 പേര്‍ കൊറോണ കെയര്‍ സെന്ററുകളിലും, 2050 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

20 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 170 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 122 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 117. ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.