നിർദേശം അംഗീകരിച്ചില്ലെങ്കിൽ ജോസുമൊത്തില്ല; യുഡിഎഫ് യോഗം ബഹിഷക്കരിക്കാൻ ജോസഫ് വിഭാഗം; ജോസ് വിഭാഗത്തിന് സിപിഎം പിന്തുണ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിയണമെന്ന യുഡിഎഫ് നിർദേശം അംഗീകരിക്കാൻ ജോസ്.കെ.മാണി തയ്യാറാകുന്നില്ലെങ്കിൽ ഇനി ജോസ് പങ്കെടുക്കുന്ന യുഡിഎഫിൻ്റെ ഒരു യോഗത്തിലും പങ്കെടുക്കേണ്ടെന്ന് പി.ജെ.ജോസഫ് വിഭാഗം തീരുമാനിച്ചു. യു ഡി എഫ് നൽകിയ നിർദ്ദേശം നടപ്പാക്കാണ്ടേത് യുഡിഎഫിന് തന്നെയാണ്. ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പിജെ ജോസഫ് വിഭാഗം ഉന്നത നേതാവ് പറഞ്ഞു.

പാലാ മരിയ സദനത്തിൽ ജോസഫ്‌ വിഭാഗം യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച സംഘടനയുടെ സുവർണ ജൂബിലി സമ്മേളനത്തിലാണ് പുതിയ തീരുമാനം.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന‌ ആവശ്യം പരസ്യമായി തള്ളിയ ജോസ്‌ യുഡിഎഫിനെ വെല്ലുവിളിച്ചെന്നാണ്‌ ജോസഫ്‌ വിഭാഗത്തിന്റെ നിലപാട്‌. പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കവുമായി ജോസഫ്‌ മുന്നോട്ട്‌ പോകാനാണ്‌ സാധ്യത. യു ഡി എഫ് നിർദ്ദേശം പാലിച്ചില്ലെങ്കിൽ കോൺഗസും ജോസഫിൻ്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന യുഡിഎഫ്‌ കൺവീനർ ബെന്നി ബഹ്‌നാന്റെ നിർദ്ദേശം തള്ളിയ ജോസ്‌ കെ മാണി.കെ എം മാണിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ മാറ്റില്ലെന്ന്‌ വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ പോലുള്ള നിർണായക ഘട്ടങ്ങളിൽ യുഡിഎഫിൽ കലഹം സൃഷ്ടിക്കുന്നത്‌ പി ജെ ജോസഫിന്റെ സ്ഥിരം പരിപാടിയാണെന്നും ജോസ് കുറ്റപ്പെടുത്തി.

പാലായിലെ യുഡിഎഫ്‌ സ്ഥാനാർഥിയെ തള്ളണമെന്ന്‌ പറഞ്ഞു. ചിഹ്നവും നിഷേധിച്ചു. പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ പരിഹരിക്കണമെന്ന്‌ തന്നെയാണ്‌ തങ്ങളുടെ ആഗ്രഹമെന്നും ജോസ്‌ കെ മാണി പാലായിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.

മുൻ ധാരണപ്രകാരം ജോസ്‌ വിഭാഗം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണം. അതിനുശേഷമാകാം മറ്റ്‌ ചർച്ചകളെന്നുമാണ്‌ യുഡിഎഫ്‌ കൺവീനർ കഴിഞ്ഞദിവസം നൽകിയ കത്തിൽ പറയുന്നത്‌. എട്ടുമാസം ജോസ്‌ വിഭാഗത്തിനും ആറുമാസം ജോസഫ്‌ വിഭാഗത്തിനുമെന്നാണ്‌ ധാരണ. ഇത്‌ പാലിക്കാൻ ജോസ്‌ ബാധ്യസ്ഥനാണെന്നും‌ കത്തിൽ പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു കരാർ ഇല്ലെന്നും കെ എം മാണിയുമായുണ്ടാക്കിയ കരാർ മാത്രമെ അംഗീകരിക്കൂവെന്നുമാണ്‌ ജോസ്‌ പക്ഷത്തിന്റെ നിലപാട്‌.

അതേ സമയം ജോസ് കെ മാണി ഇടതു മുന്നണിയിലേക്കെന്ന് സൂചന നല്‍കി സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം വന്നാല്‍ ജോസ് കെ മാണിക്ക് പിന്തുണ നല്‍കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സൂചന നല്‍കി. അതേസമയം, തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം നിയോജകമണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ഇന്ന് നടക്കും.

യുഡിഎഫ് കണ്‍വീനറുടെ നിര്‍ദേശം തള്ളി ജോസ് കെ മാണി രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് ചങ്ങനാശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു. യുഡിഎഫുമായി രാഷ്ട്രീയ വിയോജിപ്പ് പ്രഖ്യാപിച്ചാല്‍ ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനം സാധ്യമെന്ന സൂചനയും വാസവന്‍ നല്‍കി. അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ഉള്ള ചര്‍ച്ചകള്‍ ആണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.