അസംസ്‌കൃത എണ്ണ വില കൂടാതിരുന്നിട്ടും ഇന്ത്യയിൽ പകൽക്കൊള്ള ; 15 ദിവസത്തിനിടെ ഇന്ധന വില 8 ₹ കൂടി

കൊച്ചി: ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില നിശ്ചലമായി തുടരുമ്പോഴും ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ 15-ാം ദിവസവും ഇന്ധന വില കൂട്ടി. സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ തുടങ്ങിയതാണ് ഇന്ധന വില ഭീമമായി ഉയരാൻ ഇടയാക്കിയത്. വർധിപ്പിച്ച എക്സൈസ് തീരുവയുടെ മൂന്നിരട്ടി വർധന നടപ്പാക്കിയിട്ടും കമ്പനികൾ ലാഭക്കൊതിയോടെ മുന്നേറുകയാണ്.

ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 42 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.

പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് എട്ടു രൂപയും ഡീസലിന് എട്ടര രൂപയോളമാണ് കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 79.49 രൂപയും ഡീസലിന് 74.20 രൂപയും നല്‍കണം. തിരുവനന്തപുരത്ത് പെട്രോളിന് 80.95 രൂപയും ഡീസലിന് 75.57 രൂപയുമാണ് വില.