ന്യൂ ഡെല്‍ഹി: കൊറോണ ക്കെതിരായ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കും. ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അറിയിച്ചു. ഇന്നുമുതല്‍ രാജ്യത്ത് വ്യാപകമായ തോതില്‍ സൈബര്‍ ആക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.
കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം.വിശ്വാസയോഗ്യമായ വിവരങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ഇവര്‍ അയക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ , സിസ്റ്റത്തില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാളാകും. ഇതോടെ വിവരങ്ങള്‍ ചോരുന്ന സ്ഥിതി ഉണ്ടാകുമെന്നും സെര്‍ട് മുന്നറിയിപ്പ് നല്‍കുന്നു. 20 ലക്ഷം ഉപഭോക്താക്കള്‍ക്ക് വ്യാജ ഇ-മെയില്‍ ഐഡിയിലൂടെ സന്ദേശങ്ങള്‍ കൈമാറാനാണ് സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യമിടുന്നത്. വിശ്വാസയോഗ്യമല്ലാത്ത ഇ-മെയില്‍ സന്ദേശങ്ങളോ, സന്ദേശങ്ങളോ തുറന്നുനോക്കരുത്. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സെര്‍ട് മുന്നറിയിപ്പ് നല്‍കി.
ഇന്നുമുതല്‍ സൈബര്‍ ആക്രമണ ക്യാംപെയിന് തുടങ്ങമിടാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് ncov2019@gov.in എന്ന വ്യാജ ഇ-മെയിലിലൂടെ വിവരങ്ങള്‍ ചോര്‍ത്താനാണ് പദ്ധതി. ഇത്തരത്തില്‍ വ്യാജ ഇ-മെയിലുകളിലൂടെ സാമ്പത്തിക വിവരങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാനാണ് സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള കേന്ദ്രസര്‍ക്കാരിന്റെ സഹായ പദ്ധതികളുടെ വിതരണം എന്ന പേരിലാണ് തട്ടിപ്പ്. പ്രാദേശിക സര്‍ക്കാരുകള്‍ എന്ന വ്യാജേന ഉപഭോക്താക്കളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്താനാണ് സൈബര്‍ ആക്രമണകാരികള്‍ പദ്ധതിയിടുന്നത്. ഇതില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്ന് സെര്‍ട് മുന്നറിയിപ്പ് നല്‍കി.