തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ‘നഗ്‌നമോഷ്ടാവ്’ ജാമ്യത്തിലിറങ്ങി; ഉടന്‍ പാറശാലയിൽ പിടിയിലായി

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ജ്വല്ലറികളിലടക്കം 35 ഓളം മോഷണക്കേസുകളില്‍ പ്രതിയായ ‘നഗ്‌നമോഷ്ടാവ്’ ജാമ്യത്തിലിറങ്ങിയ ഉടന്‍ പാറശാല പൊലീസിന്റെ പിടിയില്‍. തക്കല മാങ്കാട് സ്വദേശി എഡ്വിന്‍ ജോസ്(29)ആണ് പിടിയിലായത്. ഫെബ്രുവരി 1ന് രാത്രി പാറശാല ആശുപത്രിക്ക് സമീപത്ത് നിന്ന് ബൈക്ക്, അടുത്തദിവസം സമീപത്തെ ബാല്‍രാജിന്റെ വീട്ടില്‍ നിന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങള്‍ എന്നിവ കവര്‍ന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് ചെറുവാരക്കോണം ലോ കോളജില്‍ പഠിക്കുന്ന സമയം പാറശാല, പൊഴിയൂര്‍, മാരായമൂട്ടം, വെള്ളറട സ്‌റ്റേഷന്‍ പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ തുടര്‍ച്ചയായി രാത്രികളില്‍ നഗ്‌നനായെത്തി ഒട്ടേറെ മോഷണങ്ങള്‍ നടത്തി പൊലീസിന് തലവേദന സ്യഷ്ടിച്ചിരുന്നു.

മാര്‍ത്താണ്ഡം ജയശ്രീ ജ്വലറി ഉടമയുടെ വീട്ടില്‍ നിന്ന് താക്കോല്‍ മോഷ്ടിച്ച് ജ്വലറി തുറന്ന് 104 പവന്‍, സമീപത്തെ ചിലങ്ക ജ്വല്ലറിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും കവര്‍ന്ന കേസ് അന്വേഷണത്തിനിടെ കഴിഞ്ഞ ഫെബ്രുവരി 18നാണ് മോഷ്ടിച്ച ബൈക്കില്‍ വരികയായിരുന്ന എഡ്വിനെ കുഴിത്തൂറയില്‍ നിന്ന് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഒരുക്കി സ്വര്‍ണക്കട്ടികളാക്കി മാങ്കാടുള്ള വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.