തൃശൂർ: ഡിവൈഎഫ്ഐ ആദ്യ തൃശൂർ ജില്ലാ സെക്രട്ടറിയും പ്രമുഖ സി പിഎം നേതാവുമായ കെ വി പീതാംബരൻ അന്തരിച്ചു. സി പിഎം ജില്ലാ കമ്മിറ്റി അംഗവും സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറിയും ആയിരുന്നു. ഏതാനും നാളുകൾ ആയി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രി തൃശൂർ അമല മെഡിക്കൽ കോളേജിലാണ് മരിച്ചത്.
നാട്ടിക കാഞ്ഞിരപ്പരമ്പിൽ വേലായുധന്റെയും കൗസല്യയുടെയും മകനാണ് പീതാംബരൻ. 1980 ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ സെക്രട്ടറിയായിരുന്നു.
ബീഡി തൊഴിലാളി ആയി പൊതു ജീവിതം ആരംഭിച്ച ഇദ്ദേഹം 1967 ൽ പതിനേഴാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ചു. ഒൻപത് വർഷത്തോളം ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി ആയിരുന്നു. 12 വർഷത്തോളം ഏരിയ സെക്രട്ടറി , ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര എക്സിക്യൂട്ടിവ് അംഗവുമായിരുന്ന പീതാംബരൻ ജില്ലാ പഞ്ചായത്ത് അംഗം സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.
ബീഡി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ, ഓട്ടോ ആൻഡ് ലൈറ്റ് മോട്ടർ ഡ്രൈവേഴ്സ് യൂണിയൻ സംഘടനകളുടെ ജില്ലാ ട്രഷറർ, ട്രിച്ചൂർ കോട്ടൺ മിൽ ലേബർ യൂണിയൻ സെക്രട്ടറി , ടെക്സ്റ്റൈൽ കോർപ്പറേഷൻ ഭരണ സമിതി അംഗം എന്നീ മേഖലകളിലും അദ്ദേഹം മികമുറ്റ നേതാവായി പ്രവർത്തിച്ചു.
വോളിബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്, തൃപ്രയാർ സ്പോർട്സ് ആൻഡ് ഗൈംസ് അസോസിയേഷൻ വൈസ് ചെയർമാൻ, തൃപ്രയാർ നാടകോത്സവം , ജലോത്സവം സംഘാടക സമിതി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പല തവണ ക്രൂരമായ പോലിസ് മർദ്ദനത്തിനും ഇരയായിട്ടുണ്ട്.
ഭാര്യ സരസു നാട്ടിക ഫർക്ക റൂറൽ ബാങ്ക് റിട്ട. ജീവനക്കാരിയാണ്. മക്കൾ: ഗായത്രി( തൃശൂർ ജില്ലാ എൻആർഐ സർവീസ് കോ– ഓപ്പറേറ്റീവ് ബാങ്ക്. സെക്രട്ടറി), അശ്വതി (, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി. നഴ്‌സ്, ) ആരതി (ബിആർസി, കയ്പമംഗലം). മരുമക്കൾ: സുനിൽരാജ് (ഗൾഫ്,
ശരത് (കേരള പൊലീസ്, വടക്കേക്കര സ്‌റ്റേഷൻ), ശ്രീനാഥ് (ഗൾഫ്).