അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തു; കുഞ്ഞിന്റെ നില അതീവ ഗുരുതരം

കൊച്ചി: അച്ഛന്‍ കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 54 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിന്റെ സമ്മര്‍ദം കുറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്. തലച്ചോറിന് ചുറ്റും രക്തസ്രാവമുണ്ട്. അതിന്റെ സമ്മര്‍ദം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഇന്നത്തെ എംആര്‍ഐ സ്‌കാനില്‍ വ്യക്തതമായതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലച്ചോറില്‍ രക്തസ്രാവമുണ്ട്. തലച്ചോറിന് ചതവുപറ്റിയിട്ടുണ്ട്. കുഞ്ഞ് അബോധാവസ്ഥയിലാണ്. കുഞ്ഞിന് എന്ത് സംഭവിക്കുമെന്ന് പറായന്‍ സാധിക്കില്ലെന്നും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് 54 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയില്‍ ഈ മാസം 18ന് പുലര്‍ച്ചെ നാലിനാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

അച്ചനും അമ്മയും കൂടിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്ക് പറ്റിയെന്നാണ് ആദ്യം പറഞ്ഞത്. അതില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വീണ്ടും ചോദ്യം ചെയ്തു. എന്നാല്‍ കൊതുകിനെ കൊല്ലാനായി ബാറ്റുവച്ച്‌ അടിച്ചപ്പോള്‍ കുഞ്ഞിന്റെ നെഞ്ചത്ത് കൊണ്ടുവെന്ന് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്തു താമസം തുടങ്ങിയത്.