തിരുവനന്തപുരം: അറുതിയില്ലാതെ എണ്ണക്കമ്പനികളുടെ കൊള്ള തുടരുന്നു. രണ്ടാഴ്ച തുടർച്ചയായി എണ്ണക്കമ്പനികള്‍ ദിവസവും ഇന്ധന വില കൂട്ടി.
ജൂൺ ഏഴ് മുതലാണ് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.
ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് .കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസൽ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോൾ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസൽ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില.
കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ.