വിവോയുമായുള്ള ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകൾ; ബിസിസിഐ പുനർ വിചിന്തനത്തിന്

മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് ജവാന്മാർ വീരമൃത്യു വരിച്ച സാഹചര്യത്തിൽ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോയുമായുള്ള ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളെ കുറിച്ച് അവലോകനം ചെയ്യാന്‍ ബിസിസിഐ തീരുമാനിച്ചു. ഐപിഎല്ലിന്റെ വിവിധ ഇടപാടുകള്‍ അടുത്ത ആഴ്ച്ച ഭരണസമിതി ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനിക്കും. ട്വിറ്ററിലൂടെയാണ് ബിസിസിഐ. യോഗത്തെക്കുറിച്ച് അറിയിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് വിവോ. അഞ്ചു വര്‍ഷത്തേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവകാശമാണ് വിവോ നേടിയിട്ടുള്ളത്. സ്‌പോണ്‍സര്‍ഷിപ്പില്‍ നിലവില്‍ മാറ്റങ്ങള്‍ ഒന്നുമില്ലെന്നു ബിസിസിഐ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്നലെ രാത്രിയോടെയാണ് തങ്ങളുടെ വീരജവാന്മാരുടെ രക്തസാക്ഷിത്വത്തിനു കാരണമായ അതിര്‍ത്തി സംഘര്‍ഷം കണക്കിലെടുത്ത് ഐപിഎല്ലിന്റെ വിവിധ സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച്ച യോഗം വിളിച്ചു ചേര്‍ത്തിട്ടുണെന്നു ട്വിറ്ററില്‍ ബിസിസിഐ കുറിച്ചത്.