ഡെല്‍ഹിയിൽ സത്യേന്ദ്ര ജെയിനിൻ്റെ പ്ലാസ്മതെറാപ്പി കഴിഞ്ഞു; ആരോഗ്യനില മെച്ചപ്പെട്ടു

ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ പോസിറ്റീവ് സ്ഥീരീകരിച്ച ഡെല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനെ ഡെല്‍ഹിയിലെ സാകേത് മാക്‌സ് ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പി ചികിത്സക്കു വിധേയനാക്കി.
നിലവില്‍ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നു അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ അദ്ദേഹത്തിനു പനിയൊന്നുമില്ലെന്നും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ജെയ്‌നിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു.

അടുത്ത 24 മണിക്കുറിനുള്ളില്‍ അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റും.
ന്യുമോണിയ ബാധിതനായതിനെ തുടര്‍ന്ന് ഡെല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജെയിനിനെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണ പരിശോധനക്കു വിധേയനാക്കിയ സത്യേന്ദ്ര ജെയിനിന്റെ ആദ്യ പരിശോധന നെഗറ്റിവ് ആയെങ്കിലും രണ്ടാം ഘട്ട പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം കല്‍ക്കാജി, പട്ടേല്‍നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആം ആദ്മിപാര്‍ട്ടി എം.എല്‍.എമാരായ അതീഷി, രാജ്കുമാര്‍ എന്നിവര്‍ക്കും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.