ന്യൂഡെൽഹി: രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ വിജയിച്ചു. രാജസ്ഥാനില്‍ നിന്നാണ് കെസി വേണുഗോപാല്‍ മത്സരിച്ചത്. മൂന്ന് സീറ്റുകളാണ് രാജസ്ഥാനില്‍ ഒഴിവ് വന്നത്. ഇതില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒരിടത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചിരിക്കുന്നത്. നീരജ് ദാംഗിയാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച രണ്ടാമൻ. ബിജെപിയുടെ രാജേന്ദ്ര ഗലേട്ടും വിജയിച്ചു. കെസി വേണുഗോപാലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജസ്ഥാനിൽ നിന്ന് മത്സരിച്ച മലയാളിയും കോൺഗ്രസ് നേതാവുമായ കെസി വോണുഗോപാൽ വിജയപ്രതീക്ഷ പങ്കുവച്ചിരുന്നു.
എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ് നാല്, ഗുജറാത്ത് നാല്, ജാര്‍ഖണ്ഡ് രണ്ട്, രാജസ്ഥാന്‍ മൂന്ന്, മധ്യപ്രദേശ് മൂന്ന്, മണിപ്പൂര്‍ ഒന്ന്, മേഘാലയ ഒന്ന്, മിസോറാം ഒന്ന് എന്നിങ്ങനെ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഗുജറാത്തില്‍ നാല് സീറ്റുകളില്‍ മൂന്നിടത്ത് ബിജെപി വിജയിച്ചു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചു. കോൺഗ്രസ് ടിക്കറ്റിൽ സീനിയർ നേതാവ് ദിഗ്വിജയ് സിംഗും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ആന്ധ്രയിൽ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് പ്രതീക്ഷിച്ചപോലെ നാല് സീറ്റുകളും നേടി. ഉപമുഖ്യമന്ത്രി പില്ലി സുഭാഷ് ചന്ദ്രബോസ്, മന്ത്രി മോപിദേവി വെങ്കട രമണ, വ്യവസായി പരിമാൽ നാഥവാനി, വൈഎസ്ആർസിയുടെ റിയൽറ്റർ അയോദ്ധ്യ റാമി റെഡ്ഡി എന്നിവർക്ക് 38 വോട്ടുകൾ വീതം ലഭിച്ചു. ജയിക്കാൻ ആവശ്യമായ സീറ്റുകൾ ഇല്ലാതിരുന്നിട്ടും മത്സരത്തിന് ഇറങ്ങിയ പ്രതിപക്ഷ തെലുങ്കുദേശം പാർട്ടിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.