മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ നടി റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. ഇക്കാരണത്താലാണ് പോലീസ് റിയയെ ചോദ്യം ചെയ്തത്. ലോക്ഡൗണ്‍ സമയത്ത് സുശാന്തിനൊപ്പം ഫ്ലാറ്റിലാണു താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെ തുടര്‍ന്നാണു തിരിച്ചുപോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു.
വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും റിയ വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു. റിയയുടെ ഫോണ്‍ പൊലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു.