തിരുവനന്തപുരം: സിപിഎം അംഗത്തെ ബാലാവകാശ കമ്മീഷൻ ചെയർമാനാക്കാൻ നിയമനയോഗ്യത കുറച്ചു സർക്കാർ വിജ്ഞാപനം. കമ്മീഷനഗംങ്ങൾക്കാകട്ടെ നിശ്ചയിച്ചത് ചെയർമാനെക്കാൾ കൂടുതൽ യോഗ്യതയും. സിപി എമ്മുകാരനും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളുമായ കെവി.മനോജ് കുമാറിനെ ചെയർമാനാക്കാനാണ് യോഗ്യത ഇളവ് ചെയ്തത്.
നിയമനം നല്കാൻ യോഗ്യതയിൽ ഇളവ് വരുത്തിയ വിജ്ഞാപനം കണ്ടെത്തി. എന്നാൽ അംഗങ്ങളുടെ നിലവിലെ ഉയർന്ന യോഗ്യതയിൽ മാറ്റം വരുത്താതെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നത് വിരോധാഭാസമായി.
വിജ്ഞാപന പ്രകാരം അംഗങ്ങൾ ചെയർമാനേക്കാൾ യോഗ്യരായിരിക്കും. മനോജ് കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്.
സാമൂഹ്യക്ഷേമവകുപ്പ് മാർച്ച് 22 ന് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കുട്ടികളുടെ ക്ഷേമത്തിൽ പ്രശസ്ത രീതിയിൽ ശ്രദ്ധേയമായ പ്രവർത്തി പരിചയമാണ് ചെയർമാൻ നിയമനത്തിനുള്ള യോഗ്യത. എന്നാൽ കുട്ടികളുടെ ക്ഷേമം, സംരക്ഷണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം കമ്മീഷൻ അംഗങ്ങൾക്കുള്ള യോഗ്യതയായി വിജ്ഞാപനത്തിൽ പറയുന്നുണ്ട് . ഒന്നാം റാങ്കുകാരനായ മനോജ് കുമാറിന് ഒരു സ്കൂൾ പിടിഎ യിലും, മാനേജ്മെന്റിലും മൂന്ന് വർഷം പ്രവർത്തിച്ചുവെന്നതാണ് യോഗ്യതയായി ബയോഡാറ്റയിൽ ഉള്ളത്. വിജ്ഞാപനം അനുസരിച്ചു് ചെയർമാന് അംഗങ്ങളേക്കാൾ കുറവ് യോഗ്യത മതിയാവും.
മുതിർന്ന ജില്ലാ ജഡ്ജിമാരെയും ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻ ചെയർമാന്മാരെയും പിന്തള്ളിയാണ് മനോജ് കുമാർ ‘കഴിവ് തെളിയിച്ച് ‘ ഒന്നാംറാങ്ക് സംഘടിപ്പിച്ചത്.
കമ്മീഷന്റെ 2012 ലെ സംസ്ഥാന ചട്ടത്തിലെ റൂൾ 3(1)പ്രകാരം ചെയർമാനും അംഗങ്ങൾക്കും ഈ മേഖലയിൽ പത്തുവർഷത്തെ അനുഭവ പരിജ്ഞാനം വേണമെന്ന് വ്യക്തമാക്കുന്നു. പ്രസ്തുത ചട്ടത്തിൽ ഇളവ് നൽകിയാണ് ചെയർമാൻ ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
കമ്മീഷൻറെ നിരീക്ഷണ ചുമതലയിലുള്ള ചൈൽഡ് വെൽഫേർ കമ്മിറ്റിയുടെയും (cwc), ജ്യൂവനയിൽ ജസ്റ്റിസ് ബോർഡിന്റെയും (JJB) അംഗങ്ങളുടെയും ചെയർമാൻമാരുടെയും യോഗ്യത ബിരുദാനന്തര ബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ആണെന്നിരിക്കെയാണ് കമ്മീഷൻ ചെയർമാനായി ബിരുദ യോഗ്യത മാത്രമുള്ള മനോജ് കുമാറിനെ നിയമിക്കുന്നത്.