കൊല്ലം: അഞ്ചല്‍ സ്വദേശിനി ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്രയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് സൂരജ് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ പാമ്പ് പിടുത്തക്കാരന്‍ ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍ നിന്നു പിടിച്ചതാണെന്ന് വനം വകുപ്പ് കണ്ടെത്തി. മൂര്‍ഖനെ പിടിച്ച പുരയിടത്തില്‍ പ്രതികളെ എത്തിച്ചു തെളിവെടുത്തു. പാമ്പിനെ പിടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ സുരേഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
സുരേഷിന് മൂര്‍ഖന്റെ 10 മുട്ടകള്‍ കൂടി ലഭിച്ചുവെന്നും ഇവ സുരേഷ് സ്വന്തം വീട്ടില്‍ കൊണ്ടു പോയി വിരിയിച്ചെന്നും വനം വകുപ്പിന് വിവരം ലഭിച്ചു. എന്നാല്‍ ഇവ വിരിഞ്ഞുണ്ടായ കുഞ്ഞുങ്ങളെ എവിടെയെങ്കിലും സൂക്ഷിച്ചിരിക്കുകയാണോ തുറന്നുവിട്ടോ എന്നൊക്കെ വരും ദിവസങ്ങളിലെ തെളിവെടുപ്പിനു ശേഷമേ വ്യക്തമാകൂ. ഉത്ര കൊലക്കേസിലെ പ്രധാന പ്രതികളായ സൂരജിനെയും സുരേഷിനെയും ഇന്നലെയാണ് പുനലൂര്‍ കോടതി ഏഴു ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടത്.
പാമ്പിനെ വിലയ്ക്കു വാങ്ങിയതിനും തല്ലിക്കൊന്നതിനും സൂരജിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നു പിടിക്കുകയും വില്‍ക്കുകയും ചെയ്തതിന് രണ്ടാം പ്രതി സുരേഷിനെതിരെയും കേസുണ്ട്. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
അതേ സമയം, സൂരജിനെതിരെ അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴികള്‍ ലഭിച്ചു. പാമ്പു കടിയേറ്റ ഉത്രയെ ചികില്‍സിച്ച ഡോക്ടര്‍മാരാണ് സൂരജിനെതിരെ മൊഴി നല്‍കിയത്.ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജും ഇയാളുടെ അച്ഛന്‍ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന്‍ സുരേഷുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സാക്ഷികള്‍ ഇല്ലാത്ത കൊലപാതമായതിനാല്‍ പരമാവധി വേഗത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു.