പ്രവാസികള്‍ക്കായി വിദേശത്ത് ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കൊറോണ പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് കിറ്റ് കേരളസര്‍ക്കാര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യം ഉണ്ട്. അതില്ലാത്ത കുവൈത്ത്, ബെഹ്‌റിന്‍, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇത് സഹായകമാകും.