കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ കൊറോണ വാര്‍ഡിലെ നഴ്‌സ് മരണത്തെ മുഖാമുഖം കണ്ട് കുടുങ്ങിക്കിടന്നത് ഒരു മണിക്കൂര്‍. അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളില്‍ വീണ നഴ്‌സിനെ അവശനിലയിലാണ് പുറത്തെടുത്തത്. പിപിഇ കിറ്റ് ധരിച്ചിരുന്ന നഴ്‌സാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.
നാലാള്‍ക്ക് മാത്രം നില്‍ക്കാന്‍ പറ്റുന്ന ലിഫ്റ്റാണെന്ന് അതിനുള്ളില്‍ കുടുങ്ങിയ നഴ്‌സ് പറയുന്നു. ലിഫ്റ്റില്‍ കയറിയപ്പോള്‍ അതില്‍ മൂന്ന് ട്രോളിയും ഉണ്ടായിരുന്നു. ഓപ്പറേഷന്‍ തീയേറ്ററിലേക്ക് എക്കോ മിഷ്യനുമായാണ് താന്‍ ലിഫ്റ്റില്‍ കയറിയത്. പിന്നെ നില്‍ക്കാന്‍ കുറച്ചുസ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ലിഫ്റ്റ് മുകളിലേക്ക് ഉയരുന്നതിനിടെ ബ്ലോക്കാവുകയായിരുന്നു. കുറെ നേരം ലിഫ്റ്റില്‍ ഉറക്കെ തട്ടിയിട്ടും ആരും കേട്ടിട്ടില്ല. ഇരുട്ടില്‍ തപ്പിപ്പിടിച്ച് മുക്കാല്‍ മണിക്കൂറോളം അലാറാം മുഴക്കിയി്ട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ബോധം കെട്ട് ലിഫ്റ്റില്‍ തളര്‍ന്നുവീഴുകയായിരുന്നു. പിന്നീട് ബോധം വരുമ്പോള്‍ താന്‍ ക്യാഷാലിറ്റിയിലായിരുന്നെന്ന് നഴ്‌സ് പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊറോണ രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കുന്നതിനിടെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക് എക്കോമിഷ്യന്‍ കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. നാലാം നിലയിലും മൂന്നാം നിലയിലും ഇടയില്‍വച്ചായിരുന്നു ലിഫ്റ്റ് ബ്ലോക്കായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ലിഫ്റ്റില്‍ കുടുങ്ങിയ നഴ്‌സിനെ പുറത്തെടുത്ത്. ഇവര്‍ കൊറോണ ഡ്യൂട്ടിയിലായതിനാല്‍ ലിഫ്റ്റില്‍ നിന്നും എടുക്കാന്‍ ആദ്യം ആരും തയ്യാറായില്ല. ആവശ്യമായ വസ്ത്രങ്ങളും ഗ്ലൗസും ഉള്‍പ്പെടെ ധരിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.
ചികിത്സയ്ക്ക് ശേഷം ഇവരെ ഇന്നലെ തന്നെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതരോ ബന്ധപ്പെട്ടവരോ ആരും തന്നെ ഇവരെ വിളിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.