ലഖ്നൗ: കൊറോണ രോഗിയുടെ മൃതശരീരം സംസ്കരിക്കുന്നതിനിടയിൽ വൈദ്യുതി ശ്മശാനം പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹം പൂർണമായി സംസ്കരിച്ചത് രണ്ടു ദിവസം കൊണ്ട്. കൊറോണ ബാധിതനായി മരിച്ച വ്യവസായിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ശ്മശാനം മൃതദേഹം പകുതിയോളം ദഹിച്ചതിന് ശേഷം പ്രവർത്തന രഹിതമായത്.
ഇന്ദിരാപുരം സ്വദേശിയായ ഇയാൾ തിങ്കളാഴ്ചയാണ് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദഹിപ്പിക്കാൻ എത്തിച്ചത്. എന്നാൽ ഒരുമണിയോടെ സാങ്കേതിക തകരാറിനെ തുടർന്ന് ശ്മശാനം പ്രവർത്തന രഹിതമായി. തകരാറ് പരിഹരിക്കാൻ കഴിയാതെ വന്നതോടെ മൃതദേഹം അവിടെ തന്നെ സൂക്ഷിക്കാൻ തീരുമാനം ആകുകയായിരുന്നു. തകരാറുകൾ പരിഹരിച്ച് ബുധനാഴ്ച ഉച്ചയോടെയാണ് സംസ്കാരം നടത്തിയത്.
സംസ്കാരം കഴിയാതെ കുടുംബാംഗങ്ങൾക്ക് മതാചാര പ്രകാരം ജലപാനം പോലും അനുവദനീയമല്ലാത്തതിനാൽ മണിക്കൂറുകളോളം ഇവർക്ക് കാത്തിരിക്കേണ്ടി വന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ കൂടിയാണ് മരിച്ച വ്യവസായി.