പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു; ശേഷിച്ച തലയും കാലുകളും കണ്ടെത്തി

വയനാട്: പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം വന്യജീവി കൊലപെടുത്തിയ നിലയിൽ കണ്ടെത്തി. കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മണല്‍വയല്‍ ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിന്‍റെ (24) മൃതദേഹമാണ് ചെതലയം റെയ്ഞ്ചിലെ കല്ലുവയല്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. വനത്തിലേക്ക് പോയ ശിവകുമാറിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. മുളങ്കൂമ്പ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

തലയും കാലുകളും മത്രമാണ് ശേഷിക്കുന്നത്. ബാക്കിയുള്ള ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായി നിന്നു തീര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.
വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയതായിരുന്നു യുവാവ്. ചൊവ്വാഴ്ച്ച കാലത്തു പോയ ശിവകുമാര്‍ രാത്രിയായിട്ടും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ഇന്നലെ മുതല്‍ പോലീസും വനപാലകരും വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നു കാലത്തു നടത്തിയ തിരച്ചിലില്‍ ശരീരം വലിച്ചുകൊണ്ടുപോയ അടയാളങ്ങളും ചെരിപ്പും കണ്ടിരുന്നു. പിന്നീട് ഉള്‍ പ്രദേശങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ആണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ കാണാതായിട്ടും ശിവകുമാറിനായി തിരച്ചില്‍ നടത്താന്‍ താമസിച്ചു എന്നാണ് ആദിവാസി പ്രവര്‍ത്തകരുടെ ആരോപണം. ഈ പ്രദേശത്ത് കടുവ ശല്യം അതിരൂക്ഷമാണെന്നു സമീപവാസികള്‍ പറയുന്നു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ഭീതിയിലാണ് ആളുകള്‍ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡി.എഫ്.ഒ., ബത്തേരി എം.എല്‍.എ. എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.