കൊച്ചി: ആലപ്പുഴയിലെ തോട്ടപ്പള്ളിയിൽ നിന്നുള്ള കരിമണൽ നീക്കം നിർത്തിവെക്കാൻ കെഎംഎംഎല്ലിന് ഹൈക്കോടതിയുടെ നിർദേശം. പുറക്കാട് പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോ കെഎംഎംഎൽ അനുസരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കെഎംഎംഎൽ കരിമണൽ കടത്തുന്നതിന് എതിരെ സമര സമിതി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം നിർത്തിവെക്കണമെന്ന് കോടതി പറഞ്ഞിട്ടില്ല. അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. തോട്ടപ്പള്ളി സ്വദേശി എം എച്ച് വിജയൻ ആണ് ഹർജിക്കാരൻ.
ഹൈക്കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. പൊഴി മുറിച്ചുള്ള മണൽ നീക്കത്തിന് പുറക്കാട് പഞ്ചായത്ത് എതിരല്ല. എന്നാൽ, കരിമണൽ കൊണ്ടുപോകുന്നതിന് എതിരെയാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതാണ് കോടതി അംഗീകരിച്ചത്. കരിമണൽ കൊള്ള നടത്താൻ ഇറങ്ങിയ സർക്കാരിനും സിപിഎമ്മിനും ഏറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജു പ്രതികരിച്ചു.