കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ വശീകരിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക് പിടിയില്‍. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം ഭാഗത്ത് പി.എസ്.അരുണ്‍ (33,അരുണ്‍ സാകേതം) ആണ് അറസ്റ്റിലായത്. ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
25ഓളം സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ട്. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന പെണ്‍കുട്ടികളുടെ നമ്ബര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നു മനസ്സിലാക്കിയും അരുണ്‍ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ് പറയുന്നു .ഇയാളുടെ കെണിയില്‍ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവുമാണ് ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത്. ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലില്‍ കഴിഞ്ഞ വീട്ടമ്മയെ ഫേസ്‌ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുണ്‍ പുതിയ ജീവിതം നല്‍കാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങള്‍ കൈക്കലാക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടമ്മയെ ഇയാള്‍ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി സ്വര്‍ണവും ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്തു.സ്വത്തുക്കള്‍ എഴുതി വാങ്ങാനും ശ്രമിച്ചു. ഭര്‍ത്താവുമായി സംസാരിക്കുന്നതു പോലും വിലക്കി. മുറിയില്‍ ഒറ്റയ്ക്ക് കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ചതിനും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വീട്ടമ്മയുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അരുണ്‍ പണവും സ്വര്‍ണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. അരുണിന്റെ ഭീഷണിയില്‍ പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നല്‍കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടമ്മ ഡിവൈഎസ്‌പിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.മിക്കവരും നാണക്കേടോര്‍ത്ത് പരാതിപ്പെട്ടിട്ടില്ല. കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരാനിടയുണ്ടെന്നാണ് സൂചന.