ഇന്ത്യ-ചൈനാ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ; ആശങ്കയോടെ ലോകം

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിലെ ഇന്ത്യ-ചൈനാ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ. അത്തരമൊരു സാഹചര്യത്തിലക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അനുരഞ്ജനം സാധ്യമായില്ലെങ്കിൽ എപ്പോഴും എന്തും സംഭവിക്കാമെന്നതാണ് സ്ഥിതി. എന്നാൽ ഇത്തരമൊരു തലത്തിലേക്ക് കാര്യങ്ങൾ നീങ്ങരുതെന്ന് ഇന്ത്യയ്ക്കൊപ്പം ലോക രാഷ്ട്രങ്ങളും ആഗ്രഹിക്കുന്നു.

ഇന്ത്യൻ കേണൽ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാർത്ത ഇന്നലെ രാവിലെ പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാൻമാർ കൂടി കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്. അതേസമയം ചൈനീസ് സൈനികരിൽ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

എന്തായാലും തിങ്കളാഴ്ച രാത്രിനടന്നത് സൈനിക മര്യാദകൾ പാടേ ലംഘിച്ചുള്ള ചൈനീസ് ക്രൂരതയാണെന്ന് ആർക്കും മനസിലാകും. അറുനൂറോളം വരുന്ന ചൈനീസ് സൈനികരാണ് എണ്ണത്തിൽ കുറവായ ഇന്ത്യൻസേനയെ നേരിടാനെത്തിയത്. ഇവർ കടുത്ത ആക്രമണമാണ് നടത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സേനാപിന്മാറ്റം നടക്കുന്നതിനിടെ എതിർവശത്തെ ഉയർന്ന കുന്നിൻമുകളിൽ സ്ഥാനംപിടിച്ച ചൈനീസ് ഭടന്മാർ അവിടെനിന്ന് പിന്മാറാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് ചർച്ചയ്ക്കുവേണ്ടിയാണ് കേണൽ സന്തോഷ് കുമാറും ഹവീൽദാർ കെ. പളനിയും സിപ്പോയ് കുന്തൻകുമാർ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിനുശേഷം മടങ്ങുന്നതിനിടെ ഇവർക്ക് വഴിതെറ്റി. ഇതേവഴിക്കുവന്ന മറ്റൊരു ചൈനീസ് പട്രോൾ സംഘം ഇവരെ തടഞ്ഞു. ഈ തർക്കത്തിനിടെ കേണലിന് തലയ്ക്കടിയേറ്റു.

തുടർന്ന് മറ്റുരണ്ടുപേർ ചേർന്ന് കേണലിനെ രക്ഷിക്കാൻ ശ്രമിച്ചു. അവരെയും ചൈനീസ് സംഘം ആക്രമിച്ചു. ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ഇത് ദൂരെനിന്നുകണ്ട ഇന്ത്യൻസേന അവിടേക്ക് പാഞ്ഞെത്തി. ചൈനീസ് സംഘവുമായി സംഘർഷത്തിലായി. മുപ്പതോളംപേരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്.

അതോടെ യഥാർഥ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് വലിയസംഘം ചൈനീസ് സേന ഇരച്ചെത്തുകയായിരുന്നു. ഇവർ ഇന്ത്യൻസൈനികർക്കുനേരെ ബലപ്രയോഗമാരംഭിച്ചു. ഇതിനിടെ നദിയിൽവീണ മൂന്നുപേരുടെയും മരണം സംഭവിച്ചിരുന്നു.

തുടർന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘർഷമാണ് അവിടെ നടന്നത്. ഇന്ത്യൻ സൈന്യത്തിനുനേരെ കല്ലുകളും കമ്പിപ്പാരയും ഷവലുകളുമുപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യൻ സൈനികരും തിരിച്ചടിച്ചു. ഇന്ത്യൻൈസനികരിൽ പലരെയും കൊക്കയിലേക്ക് വലിച്ചെറിയുകയും വീണവരുടെ മേലേക്ക്‌ വലിയ കല്ലുകൾ വലിച്ചെറിയുകയും ചെയ്തു. കൂടുതൽ ഇന്ത്യൻസൈനികർ അവിടേക്കുവരുകയും കടുത്ത ചെറുത്തുനിൽപ്പ് നടത്തുകയുംചെയ്തു. ഇതോടെ ചൈനീസ് ഭാഗത്തും വലിയതോതിൽ ആൾനാശമുണ്ടായി.

പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ, കൊടുംതണുപ്പിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നുമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. ഒട്ടേറെ ഇന്ത്യൻസൈനികർ ചൈനീസ് കസ്റ്റഡിയിലായി. ഇവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഇവരെ ഇന്ത്യക്ക് വിട്ടുകിട്ടി. ഇരുസൈന്യങ്ങളും ഗാൽവൻ താഴ്‌വരയിൽനിന്ന് പിന്മാറുകയുംചെയ്തു.

ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍മാറി. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. ഇതാണ് കൂടുതല്‍ ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമെന്ന് സൈന്യം വ്യക്തമാക്കി.

അതിര്‍ത്തിയില്‍ ചൈന ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തെന്നാണു വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരേയും പരുക്കേറ്റവരേയും സംഭവ സ്ഥലത്തുനിന്ന് കൊണ്ടുപോകാൻ ചൈനീസ് ഹെലികോപ്റ്ററുകൾ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയായ ഹവിൽദാർ പഴനി, ജാർഖണ്ഡ് സ്വ‌ദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ച വിവരമാണ് ആദ്യം പുറത്തുവന്നത്.

അതിര്‍ത്തി കടന്ന് ഇന്ത്യ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയുടേത് അതിര്‍ത്തിയിലെ തല്‍സ്ഥിതി മാറ്റാനുളള ഏകപക്ഷീയ ശ്രമമാണ്. ഇതാണ് ഗാല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന് കാരണം. ഉന്നതതല ധാരണ ചൈന പാലിച്ചിരുന്നെങ്കില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാമായിരുന്നു.

ഗാൽവാൻ താഴ്‌വരയും ചൈനീസ് അവകാശവാദവും

ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന്റെ സിരാകേന്ദ്രമായ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ചൈന അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശമാണ്.മേയ് ആദ്യം തുടങ്ങിയ സംഘർഷത്തിന്റെ പ്രധാന വേദി ഗാൽവൻ താഴ്‌വരയും ‌പാങ്‌ഗോങ് തടാകവുമാണ്.

അതിസുന്ദരഭൂമിയായ ഗാൽവൻ താഴ്‌വര ഇന്ത്യൻ അധീനതയിലുള്ള ലഡാക്കിനും ചൈനീസ് അധീനതയിലുള്ള അക്‌സായി ചിനിനും ഇടയിലാണ്. ഇന്ത്യ ലഡാക്കിന്റെ ഭാഗമായി കണക്കാക്കുന്ന പ്രദേശമാണ് അക്‌സായി ചിൻ. 1962 ലെ യുദ്ധത്തിന് ശേഷം ഈ പ്രദേശം ചൈന കൈയടക്കി വച്ചിരിക്കുകയാണ്. കാരക്കോറം മലനിരകളിൽ നിന്നുൽഭവിക്കുന്ന ഗാൽവൻ (ഗുലാം റസൂർ ഗാൽവൻ )​ നദി ഈ താഴ്‌വരയിലൂടെയാണ് ലഡാക്കിലേക്ക് ഒഴുകുന്നത്. 1899ൽ നദി ആദ്യം കണ്ടെത്തിയ ലഡാക്കി സഞ്ചാരിയുടെ പേരാണ് നദിക്ക് നൽകിയത് . 80 കിലോമീറ്റർ ദ്രുതഗതിയിൽ ഒഴുകി സിന്ധുവിന്റെ പോഷക നദിയായ ഷിയോക്കിൽ ലയിക്കുന്നു.

ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ കാരണത്താൽ ഇന്ത്യക്ക് പ്രധാനമാണ്.
താഴ്‌വരയ്‌ക്ക് സമീപം ഇന്ത്യ 255 കിമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ദർബുൾ ഷയോക്ക് (ഡി.ബി.ഒ.റോഡ്) ചൈനയെ അലോസരപ്പെടുത്തുന്നു.
ഇന്ത്യ – ചൈന അതിർത്തിയായ യഥാർത്ഥ നിയന്ത്രണ (എൽ.എ.സി) കടന്നുപോകുന്നു.
1962 ലെ യുദ്ധത്തിലും ഇവിടെ പോരാട്ടങ്ങൾ നടന്നു.
ലോകത്തെ ഏറ്റവും ഉയർന്ന വിമാനത്താവളമുള്ള ദൗലത് ബേഗ് ഓൾഡി ഗാൽവാൻ താഴ്വരയ്ക്ക് സമീപമാണ്. 1962ലെ യുദ്ധകാലത്താണ് ഇന്ത്യ ഇവിടെ വിമാനത്താവളം സ്ഥാപിച്ചത്. ഇവിടെ ചൈനയ്ക്ക് കണ്ണുണ്ട്. 2013 ഏപ്രിൽ 15 ന് ലഡാക്കിന് സമീപമുള്ള ദെപ്‌സാംഗ് താഴ്‌വരയിൽ ഇന്ത്യയിലേക്ക് 10 കിലോമീറ്റർ കടന്ന് ചൈന പോസ്റ്റ് സ്ഥാപിച്ചു. ദൗലത് ബേഗ് ഓൾഡിയിലെ ഇന്ത്യയുടെ നിർമിതികൾ നീക്കണമെന്നായിരുന്നു ചൈനയുടെ ആവശ്യം.