ജില്ലാ ജഡ്ജിയെ തഴഞ്ഞ് സിപിഎം പ്രവർത്തകൻ ബാലാവകാശ കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം: നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കേണ്ട ബാലാവകാശ കമ്മീഷൻ ചെയർമാനായി ഇന്റർവ്യൂവിൽ പങ്കെടുത്ത ജില്ലാ ജഡ്ജിയെ അവഗണിച്ച് തലശ്ശേരി കോടതിയിലെ അഭിഭാഷകനെ നിയമിക്കാൻ സർക്കാർ തീരുമാനം. നിയമനവുമായി ബന്ധപ്പെട്ട ഫയൽ വിജിലൻസിന്റെ അംഗീകാരത്തിന് സംസ്ഥാന പോലീസ് വകുപ്പിന് കൈമാറി.

സാമൂഹ്യക്ഷേമ മന്ത്രി ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ഇൻറർവ്യൂ കമ്മിറ്റിയാണ് സിപിഎമ്മുകാരനായ കെ വി മനോജ് കുമാറിന് ഒന്നാം റാങ്ക് നൽകിയത്. നിലവിലെ കമ്മീഷൻ അംഗമായ ഡോക്ടർ എംപി ആൻറണിക്ക് രണ്ടാം റാങ്കും. കാസർഗോഡ് ജില്ലാ ജഡ്ജി എസ്എച്ച് പഞ്ചാപകേശന് മൂന്നാം റാങ്കും നൽകി.

കുട്ടികളുടെ അവകാശ സംരക്ഷണങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ അവാർഡുകളും അംഗീകാരങ്ങളും ഈ മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. മനോജ് കുമാർ തലശ്ശേരിയിലെ ഒരു സ്കൂൾ പി ടി എ യിൽ പ്രവർത്തിച്ചുവെന്നതാണ് യോഗ്യതയായി ബിയോഡാറ്റയിൽ പറയുന്നത്. എന്നാൽ, കൽപ്പറ്റ, ആലപ്പുഴ ജില്ല കോടതികളിൽ നിരവധി പോക്സൊ കേസുകളിലുൾപ്പടെ തീർപ്പ് കല്പിച്ചിട്ടുള്ള ജില്ലാ ജഡ്ജിയെ പിന്തള്ളിയാണ് മനോജിന് നിയമനം നൽകിയത്. ഗവണ്മെന്റ് സെക്രട്ടറി തലത്തിലുള്ളവരെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതാണെന്ന നിയമം ഉള്ളപ്പോഴാണ് സിപിഎമ്മുകാരനാണെന്ന പരിഗണനയിൽ മനോജിന് ഒന്നാം റാങ്ക് നൽകിയതെന്ന് ആക്ഷേപം ശക്തമായിക്കഴിഞ്ഞു.

ഇരുപത്തിഏഴു അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത ശേഷം ഓൺലൈനായി ഇൻറർവ്യൂ നടത്തിയാണ് റാങ്ക് നിശ്ചയിച്ചത്.

മുഖ്യമന്ത്രിയുടെ തലശ്ശേരിയിലെ അയൽക്കാരനും സുഹൃത്തുമായ കെവി ബാലൻ എന്നായാളുടെ മകനുമാണ് മനോജ് കുമാർ. നിയമം കാറ്റിൽ പറത്തി അർഹതയും അംഗീകാരവും ഉള്ളവരെ ഒഴിവാക്കി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമ്മിഷനിലേയ്ക്ക് ചട്ടവിരുദ്ധമായി ചെയർമാൻ നിയമനം നടത്തുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ശിശു ക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ. എസ് ശശികുമാറും, കൺവീനർ ഉള്ളൂർ മുരളിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകി.