ആം ആദ്മി പാര്‍ട്ടി എംഎല്‍എ അതിഷിക്ക് കൊറോണ

ന്യൂഡെൽഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എയും ദേശീയ വക്താവുമായ അതിഷിക്ക് കൊറോണ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ചയാണ് അതിഷിയുടെ കൊറോണ പരിശോധന നടന്നത്. പരിശോധന ഫലം ഇന്ന് പുറത്തുവന്നതോടെയാണ് രോ​ഗം സ്ഥിരീകരിച്ചത്.

അതിഷിയുടെ അസുഖം വേഗം ഭേദമാകട്ടെയെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാള്‍ അഭിപ്രായപ്പെട്ടു. കല്‍ഖാജി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അതിഷി നിലവില്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. ആം ആദ്മി പാര്‍ട്ടി വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള മൂന്നാമത്തെ നഗരമാണ് ഡെല്‍ഹി. ഇത് വരെ 1837 പേര്‍ ഡല്‍ഹിയില്‍ രോ​ഗം ബാധിച്ച് മരിച്ചു. 23000 രോഗികള്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുകയാണ്.

അതേസമയം, ഡെൽഹി ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ വീണ്ടും കൊറോണ പരിശോധനക്ക് വിധേയനാക്കി. ഇന്നലെ അദ്ദേഹത്തിന്റെ പരിശോധന ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ, കൊറോണ ലക്ഷണങ്ങൾ മാറാത്തതിനെ തുടർന്നാണ് സത്യേന്ദ്ര ജെയിനെ വീണ്ടും പരിശോധനക്ക് വിധേയനാക്കിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാൾ, ദില്ലി ലഫ്.ഗവർണർ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.