കോട്ടയം: ചക്കയിലെ ഭീമൻ നാട്ടുകാർക്കും കാഴ്ചക്കാർക്കും വിസ്മയമാകുന്നു. കാഞ്ഞിരപ്പള്ളി പുളിമാവ് മാനിടംകുഴി പുളിക്കല്‍ ജിജി ജേക്കബിന്റെ പുരയിടത്തിലാണ് ഈ അപൂർവ ചക്ക വിളഞ്ഞത്. 58.5 കിലോഗ്രാം തൂക്കവും മൂന്നേകാല്‍ അടി നീളവും 54.5 ഇഞ്ച് വണ്ണവുമുളള ചക്ക 60 ഇഞ്ച് വണ്ണമുളള പ്ലാവിലാണ് കായ്ച്ചത്. ലിംക റെക്കോര്‍ഡില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ജിജി ജേക്കബ്.
തേന്‍വരിക്കപ്ലാവിലാണു ഭീമന്‍ ചക്ക കായ്ച്ചത്. വലിപ്പത്തില്‍ റെക്കോഡിട്ട മാനന്തവാടിയിലെ ചക്കചരിതം കഴിഞ്ഞമാസം വാര്‍ത്തയായിരുന്നു. മാനന്തവാടിയിലെ ചക്കയ്ക്ക് 52.35 കിലോയായിരുന്നു ഭാരം.
അതിനേക്കാള്‍ വലിപ്പമുണ്ടെന്നു ബോധ്യമായതോടെ ജിജിയും ഭാര്യ ആനിയമ്മയും മക്കളായ ജീമോന്റെയും ജോമോന്റെയും സഹായത്തോടെ 25 അടിയോളം ഉയരത്തില്‍നിന്ന് ചക്ക കയറില്‍ കെട്ടിയിറക്കുകയായിരുന്നു. ചക്കഭീമനെ കാണാനും ചിത്രമെടുക്കാനും വിദൂരങ്ങളില്‍നിന്നുപോലും ആളുകളെത്തുന്നുണ്ടെന്ന് ജിജിയും കുടുംബവും പറയുന്നു.