ബിവറേജസ് കേന്ദ്രത്തിൽ നിന്ന് ലോക്ക്ഡൗൺ സമയത്ത് മദ്യം കടത്തി; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

കോഴിക്കോട്: ബിവറേജസ് കേന്ദ്രത്തിൽ നിന്ന് ലോക്ക്ഡൗൺ സമയത്ത് മദ്യം കടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. കോഴിക്കോട് കക്കോടി തണ്ണീർപ്പന്തൽ ഔട്ട്ലെറ്റിലെ മൂന്ന് ജീവനക്കാരെയാണ് ബെവ്കോ എംഡി സസ്പെൻ്റ് ചെയ്തത്. ലോക്ഡൗൺ സമയത്ത് മൂന്നു ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ലോക്ഡൗൺ കഴിഞ്ഞ് ഔട്ട്ലെറ്റ് തുറന്നപ്പോഴാണ് കടത്തിയ മദ്യത്തിന്റെ ബില്ലടിച്ചത്. സ്റ്റോക്കിൽ കുറവുണ്ടെന്നും വിശദമായ അന്വേഷണം വേണ്ടിവരുമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ലോക്ഡൗൺ സമയത്ത് ജീവനക്കാരനായ മോഹനചന്ദ്രൻ മദ്യം കടത്തിയെന്ന് സഹപ്രവർത്തകർ തന്നെയാണ് പരാതി നൽകിയത്.

എക്സൈസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ എടുത്തെന്ന് മോഹനചന്ദ്രൻ പറഞ്ഞതായി പരാതിക്കാർ മൊഴി നൽകി. 23 ഇനങ്ങളിലുള്ള മൂന്ന് ലക്ഷത്തിലേറെ വില വരുന്ന മദ്യത്തിൻ്റെ ബില്ല് ഈയിടെയായി ഒന്നിച്ചടിക്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നിയതെന്നും ഇവർ പറഞ്ഞു. പരാതിയിന്മേൽ റീജിയണൽ മാനേജരുടെ നേതൃത്വത്തിലാണ് ഔട്ട്ലെറ്റിൽ പരിശോധന നടത്തിയത്. ബേബി മെമ്മോറിയൽ ആശുപത്രിയ്ക്കടുത്ത് പ്രവർത്തിച്ച ഔട്ട്ലെറ്റ് ലോക്ഡൗണിന് ശേഷമാണ് തണ്ണീർപ്പന്തലിലേക്ക് മാറ്റിയത്.