കൊച്ചി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ബംഗളൂരു സ്വദേശിയൊടൊപ്പം ജീവിക്കാന്‍ വീടുവിട്ടിറങ്ങിയ 18കാരി കബളിപ്പിക്കപ്പെട്ടു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ കൂടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ടിക് ടോക് താരത്തെ പൊലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.
മകളെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചതി പുറത്തുവന്നത്. വിമാനത്താവളത്തില്‍ വച്ച് പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടി ആദ്യം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ പൊലീസ് കാമുകനെ ഫോണില്‍ വിളിച്ചു. വിവാഹത്തിനു തയ്യാറല്ലെന്നും ഇവരെ അറിയില്ലെന്നും ഇയാള്‍ പറഞ്ഞത് പൊലീസ്, സ്പീക്കര്‍ ഫോണിലൂടെ യുവതിയെ കേള്‍പ്പിച്ചു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറായത്.
ശനിയാഴ്ച വൈകീട്ടാണ് മൂവാറ്റുപുഴ സ്വദേശിനിയെ പൊലീസ് നെടുമ്പാശേരിയില്‍ കണ്ടെത്തിയത്.കോട്ടയത്തെ കോളേജിലെ മൈക്രോബയോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി 3 മാസം മുന്‍പാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ബംഗളൂരു സ്വദേശിയെ പരിചയപ്പെട്ടത്.
18 വയസ്സു തികയുമ്പോള്‍ വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിച്ചത്രേ. 2 മാസം മുന്‍പ് വിദ്യാര്‍ഥിനിക്കു 18 വയസ്സു പൂര്‍ത്തിയായെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ വിവാഹത്തിനെത്താന്‍ സാധിക്കില്ലെന്നു കാമുകന്‍ വ്യക്തമാക്കി. യുവതി വിവാഹത്തിനു നിര്‍ബന്ധിച്ചതോടെ ബംഗളൂരുവില്‍ എത്താന്‍ കാമുകന്‍ ആവശ്യപ്പെട്ടു. ബംഗളൂരുവിലേക്കു പോകാന്‍ ഇവര്‍ ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വിമാനത്താവളത്തിലെത്താനായി ഫെയ്‌സ്ബുക് സുഹൃത്തായ ഓട്ടോറിക്ഷക്കാരന്റെ സഹായം തേടുകയായിരുന്നു.
ഓട്ടോറിക്ഷക്കാരന്‍ എത്തി വീട്ടുകാരറിയാതെ യുവതിയെ വീട്ടില്‍ നിന്നു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടു പോയി. ഇവിടെ നിന്നു ശനിയാഴ്ച വിമാനത്താവളത്തിലേക്കു പോകുന്ന വഴിയാണു ഇരുവരെയും പൊലീസ് കണ്ടെത്തുന്നത്. മകളെ കാണാതായതായി മാതാപിതാക്കള്‍ മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചപ്പോള്‍ ഇവര്‍ കാലടി ഭാഗത്തുണ്ടെന്നു മനസ്സിലാക്കി കാലടി പൊലീസിനു വിവരം കൈമാറിയിരുന്നു.
മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെത്തിച്ച മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ യുവതി തയാറായില്ല. ജയിലില്‍ പോയാലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറല്ലെന്നായിരുന്നു നിലപാട്. എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ പൊലീസ് കാമുകനെ ഫോണില്‍ വിളിച്ചു. വിവാഹത്തിനു തയാറല്ലെന്നും ഇവരെ അറിയില്ലെന്നും ഇയാള്‍ പറഞ്ഞത് പൊലീസ്, സ്പീക്കര്‍ ഫോണിലൂടെ യുവതിയെ കേള്‍പ്പിച്ചു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായത്