ചെന്നൈ: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
അവശ്യ സർവീസുകൾക്ക് മാത്രമാകും അനുമതി. ജൂൺ 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുക. റോയപുരം, കോടമ്പാക്കം, തേനംപേട്ട് ഉൾപ്പടെ ആറ് മേഖലകളിൽ നിയന്ത്രണം ശക്തമാക്കണമെന്നായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. വൈറസ്ബാധ അതിതീവ്രമായി ബാധിച്ച ചെന്നൈ അടക്കമുള്ള അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന് വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തതിന് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ച ഉന്നതതല യോഗം ചർച്ച ചെയ്ത ശേഷമാണ് നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലെ 44,660 ൽ അധികം കൊറോണ ബാധിതരിൽ 32000 ത്തോളം പേർ ചെന്നൈയിലാണ്. ചെന്നൈയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇ പാസുകൾ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം ചെന്നൈ നഗരത്തില്‍ കൊറോണ സ്ഥിരീകരിച്ച 277 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരിശോധന സമയത്ത് തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ പൊലീസ് സഹായം തേടി.
രാജ്യത്ത് കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ഇതുവരെ 44,661 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,974 പേരാണ് രോഗബാധിതര്‍. ഇതുവരെ 435 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതുവരെ 24,547 പേര്‍ രോഗമുക്തരായിട്ടുണ്ട്.