തിരുവനന്തപുരം: ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താൻ പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ, സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത്, ഹെൽമെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോൾ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം, മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങൾകൂടി ശേഖരിക്കാനാണു ശ്രമം. ഇതിനായി സോഫ്റ്റ്വേറിൽ ക്രമീകരണം വരുത്താനാണ് പോലീസ് സൈബർ ഡോം ശ്രമിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ തോതുകുറയാത്ത സാഹചര്യത്തിൽ പ്രതിരോധനടപടി കടുപ്പിക്കാനാണ് തീരുമാനം. മുഖാവരണം ഉപയോഗിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കും. മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസെടുക്കുന്നുണ്ട്.
പൊതുനിരത്തിൽ മുഖാവരണം ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തിൽ പോകുന്നവരെക്കാൾ അപകടമായി കണക്കാക്കുന്നത്. നടന്നുപോകുന്നവരിൽ മുഖാവരണം ഇടാത്തവരുടെയെല്ലാം ചിത്രം ശേഖരിക്കേണ്ടിവരുമ്പോൾ നിലവിലെ സ്റ്റോറേജ് സംവിധാനം മെച്ചപ്പെടുത്തേണ്ടിവരും.
വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയിൽ പതിയുന്ന ചിത്രങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്നം. വാഹനത്തിന്റെ നമ്പർ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മുഖാവരണം ഇടാത്ത ചിത്രം സഹിതം നോട്ടീസ് നൽകാനാകും. എന്നാൽ, കാൽനടക്കാരുടെ കാര്യത്തിൽ പോലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടിവരും.