കട്ടികുറഞ്ഞ ചില്ലും ആശുപത്രിയിലെത്തിക്കാൻ വൈകിയതും ബീനയുടെ മരണത്തിന് കാരണമായി

പെരുമ്പാവൂർ: ബാങ്കിൽ നിന്ന് ഓടി ഇറങ്ങിയ യുവതി ഗ്ലാസ് വാതിലിൽ മറിഞ്ഞു വീണ് ചില്ലുകഷണങ്ങൾ തുളഞ്ഞു കയറി മരിക്കാനിടയായത് ചില്ലിൻ്റ കട്ടി കുറവായിരുന്നതുമൂലമെന്ന് ആക്ഷേപം. കട്ടിയുള്ള ചില്ലായിരുന്നുവെങ്കിൽ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നുവെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു.

കൂവപ്പടി ചേലക്കാട്ടിൽ നോബിയുടെ ഭാര്യ ബീന (46) ആണ് മരിച്ചത്. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിലാണ് സംഭവം.

അതേസമയം ചില്ലുവാതിലിൽ ഇടിച്ചുവീണ ബീനപൊടുന്നനെ ചാടിയെണീറ്റെങ്കിലും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയതും മരണകാരണമായി. സംഭവം ഉണ്ടായി ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നഗര ഹ്യദയഭാഗത്ത് ഗതാഗത സൗകര്യങ്ങൾ ഏറെയുള്ള ഭാഗത്താണ് ഈ അലംഭാവമുണ്ടായത്.

വയറ്റിൽ ചില്ലുകുത്തിക്കയറിയ ബീന കുറെ നേരം എഴുന്നേറ്റ് നിൽക്കുകയായിരുന്നു. പിന്നീടാണ് ഇവരെ സീറ്റിലിരുത്തിയത്. അപ്പോേഴേക്കും രക്തം വാർന്നൊലിക്കാൻ തുടങ്ങി. 100 മീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് പോലീസെത്തിയ ശേഷമാണ് ബീനയെ കൊണ്ടുപോയത്. അഞ്ചു മിനിറ്റോളം ഇങ്ങനെ നഷ്ടമായി. പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.

വയറ്റിൽ ചില്ല് തറച്ച് കയറി ഉണ്ടായ മുറിവ് അത്ര ആഴത്തിലുള്ളതും ഗുരുതരവുമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ബീനയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‍മോർട്ടം നാളെ.

ബാങ്കിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബീന എത്തിയത്. ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുൻവശത്തെ ഗ്ലാസിൽ ഇടിച്ച് വീണു. ഇതിനിടെ ഗ്ലാസും പൊട്ടി വീണിരുന്നു. പൊട്ടി വീണ ഗ്ലാസിന്‍റെ ചില്ല് ബീനയുടെ വയറ്റിലാണ് തുളച്ച് കയറിയത്.