കണ്ണൂര്‍ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവര്‍ക്കു കൊറോണ ; 40 ജീവനക്കാര്‍ ക്വാറൻ്റീനില്‍

കണ്ണൂര്‍: കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്കു കൊറോണ വൈറസ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറൻ്റീനില്‍ പോയി. പ്രവാസികളെ വിമാനത്താവളത്തില്‍ നിന്നും കൊണ്ടുവന്ന ഡ്രൈവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാരാണ് ക്വാറൻ്റീനില്‍ പോയത്. രോഗബാധിതനായ ഡ്രൈവര്‍ കണ്ണൂര്‍ ഡിപ്പോയില്‍ വിശ്രമിച്ചിരുന്ന കെഎസ്ആര്‍ടിസി ബസും ഓഫീസ് കെട്ടിടവും അണുവിമുക്തമാക്കിയിട്ടുണ്ട്. രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരും ക്വാറന്റൈനില്‍ പോയി. കണ്ണൂര്‍ ജില്ലയിലെ നാലു പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്തു നിന്നുള്ളവരും രണ്ടുപേര്‍ മുംബൈയില്‍ നിന്നുള്ളവരുമാണ്. കണ്ണൂര്‍ ജില്ലയിലെ തിലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടക്കും.

നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതിനെ തുടര്‍ന്നാണ് കലക്ടറുടെ തീരുമാനം. കൊറോണ ബാധിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചു പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.