കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് ഇതര സംസ്ഥാനക്കാർക്ക് ഇളവ്; മാര്‍ഗരേഖയായി

തിരുവനന്തപുരം: കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആരോഗ്യവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഏഴു ദിവസത്തില്‍ കൂടാത്ത സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ഇവര്‍ എട്ടാം ദിവസം സംസ്ഥാനം വിടണം. സംസ്ഥാനത്തേയ്ക്ക് വരുന്നവര്‍ സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതനുസരിച്ച് ലഭിക്കുന്ന പാസുമായി മാത്രമേ സംസ്ഥാനത്തേയ്ക്ക് കടക്കാവൂ. സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കണം. താമസിക്കുന്ന സ്ഥലം, ബന്ധപ്പെടുന്ന വ്യക്തികള്‍ തുടങ്ങിയവരുടെ വിശദാംശങ്ങളും നല്‍കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ഇതില്‍ ഏതെങ്കിലും വിധത്തിലുളള മാറ്റം ഉണ്ടായാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ തന്നെ അറിയിക്കണം. ജില്ലാ കളക്ടര്‍മാരാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. സംസ്ഥാനത്ത് എത്തുന്ന സ്ഥലത്തിനും താമസിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനും ഇടയില്‍ എവിടെയും തങ്ങരുത്. അനുമതിക്ക് വിപരീതമായി മറ്റാരെയും സന്ദര്‍ശിക്കരുത്. ആശുപത്രികള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ പാടില്ല. 60 വയസ്സിന് മുകളില്‍ പ്രായമുളളവരുമായും 10 വയസ്സില്‍ താഴെയുളളവരുമായും ഒരു കാരണവശാലും സമ്പര്‍ക്കത്തിലേര്‍പ്പെടരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

പരീക്ഷ, മറ്റു അക്കാദമിക കാര്യങ്ങള്‍ക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവുണ്ട്. അനുമതിയില്ലാതെ മുറിയില്‍ നിന്ന് ഇവര്‍ പുറത്തുപോകരുത്. സാമൂഹിക അകലം, ഉള്‍പ്പെടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. യാത്രയില്‍ ഉടനീളം മുഖാവരണം ധരിക്കണം. അനുമതിയില്ലാതെ നിശ്ചിത ദിവസത്തിന് അപ്പുറം കേരളത്തില്‍ തങ്ങാന്‍ പാടില്ല. ഇവിടെ കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ദിശയില്‍ വിളിച്ച് അറിയിക്കണം. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോയി 14 ദിവസത്തിനകം കൊറോണ സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.