ഇസ്ലാമാബാദില്‍ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി; അടിയന്തി നടപടി വേണം: ഇന്ത്യ

ന്യൂഡെല്‍ഹി: ഇസ്ലാമാബാദില്‍ ഔദ്യോഗിക ജോലിക്കിടെ രണ്ടു ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ കാണാതായി. പാക്കിസ്ഥാന്‍ അധികൃതര്‍ കേസ് എടത്തു. രണ്ടു ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഡ്രൈവര്‍മാരാണെന്നും ഡ്യൂട്ടിക്കു പോയ ഇവര്‍ രാവിലെ എട്ടരയോടെ കാണാതായെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നു ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

ഇന്ത്യക്കെതിരെ ചാരപ്പണി നടത്തിയതിനു രണ്ടു പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഡെല്‍ഹിയില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് സംഭവം. ഇവര്‍ രണ്ടുപേരും ന്യൂഡെല്‍ഹിയിലെ ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.

മെയ് ഒന്നിന് ഡെല്‍ഹിയിലെ കരോള്‍ ബാഗില്‍ രണ്ടു പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ അധികൃതര്‍ പിടികൂടിയിരുന്നു. ചാരപ്രവര്‍ത്തനത്തിനു ഇന്ത്യ ഇവരെ പേഴ്‌സണല്‍ നോണ്‍ഗ്രാറ്റയായി പ്രഖ്യാപിക്കുകയും ജൂണ്‍ ഒന്നിന് ഇസ്ലാമാബാദിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇരുവരും വ്യാജ ഇന്ത്യന്‍ ഐഡന്റിറ്റി സ്വീകരിച്ചതായി ആരോപണമുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പാകിസ്ഥാന്‍ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കിയ പാകിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു