എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ മരിച്ചു; മലേറിയെന്ന് സംശയം

മുംബൈ: എയർ ഇന്ത്യയുടെ വിമാനത്തിൽ യാത്രക്കാരൻ മരിച്ചു. 42 വയസുള്ള യാത്രക്കാരനാണ് മരിച്ചത്. ലാഗോസ്- മുംബൈ വിമാനത്തിലായിരുന്നു മരണം. ഇന്ന് രാവിലെ 3.40 ലാൻഡ് ചെയ്ത വിമാനത്തിലാണ് യാത്രക്കാരൻ ഉണ്ടായിരുന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് വിവരം.

തനിക്ക് മലേറിയ ആണെന്ന് വിമാനത്തിലെ അധികൃതരോട് ഇയാൾ പറഞ്ഞിരുന്നു. കൂടാതെ ശ്വാസതടസം നേരിട്ടപ്പോൾ ഓക്‌സിജൻ നൽകുകയും ചെയ്തു. യാത്രക്കാരന്റെ വായിൽ നിന്നും രക്തം വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇയാൾ വിമാനത്തിൽ വിറയൽ പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ തെർമൽ സ്‌ക്രീനിംഗിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. അതിനാൽ തെർമൽ സ്‌കാനിംഗിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്.

പനി ബാധിച്ച ആൾ എങ്ങനെ വിമാനത്തിൽ പ്രവേശിച്ചുവെന്ന സംശയവും ഉടലെടുക്കുന്നുണ്ട്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് എയർഇന്ത്യയുടെ വിശദീകരണം. പനിയുണ്ടായിരുന്നുവെന്ന കാര്യവും നിഷേധിച്ച കമ്പനി അസുഖം ഉണ്ടായിരുന്നുവെങ്കിൽ മെഡിക്കൽ സ്‌കാനിംഗ് സംഘം കണ്ടെത്തുമായിരുന്നു എന്നും അറിയിച്ചു.