ബീജിങ്: ചൈന വീണ്ടും കൊറോണ ഭീതിയിൽ. വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈന വൈറസിൽ നിന്നും മുക്തിനേടുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് 57 പേർക്കുകൂടി വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കര്‍ശന ലോക്ക്ഡൗണ്‍ നടപടികളിലൂടെ ചൈന കൊറോണ വ്യാപനം വലിയ രീതിയില്‍ നിയന്ത്രണത്തിലാക്കിയിരുന്നു. എന്നാല്‍ സൗത്ത് ബീജിങ് ഇറച്ചി, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായിട്ടാണ്. തലസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 36 കേസുകള്‍ പ്രാദേശിക തലത്തില്‍ നിന്ന് പകര്‍ന്നതാണെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. വടക്കു കിഴക്കന്‍ ലിയോണിങ് പ്രവിശ്യയില്‍ സ്ഥിരീകരിച്ച രണ്ടു കേസുകളും ബീജിങില്‍ നിന്ന് ബാധിച്ചതാണ്.
രണ്ട് മാസത്തിന് ശേഷമാണ് ബീജിങ്ങില്‍ പുതുതായി കേസുകള്‍ കണ്ടെത്തുന്നത്. ഇതേ തുടര്‍ന്ന് ബീജിങ്ങിലെ മാര്‍ക്കറ്റിന് സമീപത്തെ 11 റസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.