കോട്ടയം: കേരള കോണ്‍ഗ്രസിലെ രാഷ്ട്രീയ നീക്കങ്ങളില്‍ കണ്ണുനട്ട് ഇടതു-വലത് മുന്നണികൾ. ജോസഫിനെ കൂടെ നിർത്തി കേരള കോൺഗ്രസിനെ ഒന്നിപ്പിച്ച് കൂടെ കൂട്ടാൻ യു ഡി.എഫും ജോസ് കെ മാണിയിലൂടെ കുറെ സീറ്റ് ഉറപ്പിക്കാൻ എൽ ഡി എഫും നീക്കം തുടങ്ങി. ജോസ് കെ. മാണി ഒപ്പമെത്തിയാൽ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശേരി, ഇടുക്കി എന്നീ സീറ്റുകള്‍ ഉറപ്പിക്കാമെന്ന് ഇടതുപക്ഷത്തെ ചിലർ വിലയിരുത്തുന്നു.ഇപ്പോള്‍ കൈവശമുള്ള പാലായും ഉറപ്പിക്കാം. തിരുവല്ല, പീരുമേട്, ഉടുമ്പന്‍ചോല പോലെ കടുത്തമത്സരം നടക്കുന്ന സീറ്റുകളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകളും സഖ്യം ഗുണം ചെയ്യുമെന്ന് ഇടതു മുന്നണി കരുതുന്നു. എന്നാൽ കെ.എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസിൻ്റെ പ്രതാപം കുറഞ്ഞിട്ടുണ്ടെന്ന് ഇടതു മുന്നണിയിൽ തന്നെ വിമർശനമുണ്ട്. ജനസമ്മതരായ നേതാക്കളുടെ കുറവും ജോസ് പക്ഷത്തിനുണ്ട്.
ഒരിക്കൽ വഴിപിരിഞ്ഞവരെ ഒന്നൊന്നായി പഴയ തട്ടകത്തിൽ തിരികെ എത്തിച്ച് പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) കരുത്താർജിക്കുകയാണ്. പ്രമുഖരെ കൂട്ടത്തോടെ പാളയത്തിൽ തിരികെ എത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന തന്ത്രത്തിലൂടെ യുഡിഎഫിലും കരുത്തനാകുകയാണ് പാർട്ടിയുടെ വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫ്.
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ പ്രമുഖൻ ജോണി നെല്ലൂർ ഉൾപ്പെടെയുള്ളവർ ലയിച്ചതിനു പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജും പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിലേക്കു മടങ്ങിയെത്തി. ഫ്രാൻസിസ് ജോർജിനു പുറമേ, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ട്രഷററും മുൻ എംപിയുമായ വക്കച്ചൻ മറ്റത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറിയും രണ്ടു തവണ എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫൻ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ചെയർമാൻ എം.പി.പോളി എന്നിവർ കൂടി ആയപ്പോൾ ജോസഫ് ഗ്രൂപ്പിന് കരുത്തേറി.
ജോസഫ് ഒപ്പം വന്നാല്‍ മുന്നണിക്കുണ്ടാകുന്ന നേട്ടം തൊടുപുഴ സീറ്റ് മാത്രമായിരിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ ആദ്യ വിലയിരുത്തല്‍. പുതിയ സാഹചര്യത്തിൽ ജോസഫ് കരുത്തനാണ്.
ഭരണത്തുടര്‍ച്ച സ്വപ്‌നം കാണുന്ന ഇടതുമുന്നണിക്ക് ഈ കണക്കുകള്‍ വല്ലാത്ത പ്രതീക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അവര്‍ യുഡിഎഫില്‍ അസ്വാരസ്യം വര്‍ധിപ്പിക്കാനുള്ള നീക്കമാണു നടത്തുന്നതും. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം വരികയാണെങ്കില്‍ ജോസ്‌പക്ഷത്തെ അവര്‍ സഹായിക്കുകയും ചെയ്യും. സിപിഐയും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നാണ് മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കേരളാ കോണ്‍ഗ്രസ് ഒന്നായി ഇടതുമുന്നണിയിലേക്ക് വരുന്നതിനെയാണ് അവര്‍ എതിര്‍ത്തിരുന്നത്. അതേസമയം, കേരളാ കോണ്‍ഗ്രസുകളുടെ നിന്ന നില്‍പ്പിലുള്ള മറുകണ്ടം ചാടല്‍ സ്വഭാവത്തിൽ ഇടതുമുന്നണിക്ക് അല്‍പ്പം ആശങ്കയുണ്ട് താനും
കോൺഗ്രസിൻ്റെ കണക്കുകൂട്ടൽ ഇങ്ങനെ;
കോട്ടയം ജില്ലയില്‍ ആകെ 9 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതില്‍ നത്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയും തിരുവഞ്ചൂരിന്റെ കോട്ടയവും കഴിഞ്ഞാൽ വൈക്കം വലിയ സാദ്ധ്യതകൾ ഇല്ലാത്ത ഒരു മണ്ഡലമാണ്. ജോസ് കെ മാണി മുന്നണി വിട്ടാല്‍ പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇതില്‍ തന്നെ കാഞ്ഞിരപ്പള്ളി മാത്രമാണ് നിലവില്‍ ജോസ് കെ മാണി വിഭാഗത്തിന്‍റേതായി ഉള്ളത്. പാലായും ഏറ്റുമാനൂരും എല്‍ഡിഎഫിന്‍റെ കയ്യിലും പൂഞ്ഞാര്‍ പിസി ജോര്‍ജ്ജിന്‍റെ കൈവശവുമാണ് ഉള്ളത്. കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ എം.എൽ.എ മാരായ മോൻസ് ജോസഫ്, സിഎഫ് തോമസ് എന്നിവര്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്ത് അടിയുറച്ച് നില്‍കുകയാണ്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ തര്‍ക്കം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയും യുഡിഎഫ് നേതൃത്വവും പലതവണ ആവശ്യപ്പെട്ടിട്ടും പ്രസിഡന്‍റ് സ്ഥാനം രാജിവെക്കില്ല എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് പിജെ ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.
അതേസമയം, കോട്ടയം ജില്ലാപഞ്ചായത്തില്‍ അവിശ്വാസപ്രമേയം വരികയാണെങ്കില്‍ അതു മുതലാക്കി യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. ജോസഫ്‌പക്ഷം അവിശ്വാസം കൊണ്ടുവരിയാണെങ്കില്‍ കോട്ടയം ജില്ലയിലെ തന്നെ ചില തദ്ദേശസ്‌ഥാപനങ്ങളില്‍ സ്വീകരിച്ചതുപോലെ ജോസ്‌പക്ഷത്തെ സഹായിക്കുന്ന നിലപാട് ഇടതുമുന്നണി സ്വീകരിച്ചേക്കും. മധ്യതിരുവിതാംകൂറില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്‌തമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തല്‍. അവര്‍ കൂടുതല്‍ ലക്ഷ്യംവയ്‌ക്കുന്നത് ജോസ്‌പക്ഷത്തെയാണ്.
ഏതെങ്കിലും ഒരു കേരളാ കോണ്‍ഗ്രസ് വിഭാഗം മുന്നണി വിടുമെന്ന നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. സംസ്‌ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ജോസഫിന് അനുകൂലമായി നിലകൊണ്ടാല്‍ ഒട്ടും വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണു ജോസ്‌പക്ഷവും. കഴിഞ്ഞദിവസം രാത്രി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയും പ്രശ്‌നപരിഹാരത്തിനായി കിണഞ്ഞുപരിശ്രമിച്ചെങ്കിലും വിട്ടുവീഴ്‌ചയ്‌ക്ക് ജോസ്‌പക്ഷം തയാറായിട്ടില്ല.
ഈ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം എന്നതല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണു ജോസഫ്‌പക്ഷത്തിന്റെ നിലപാട്. അവര്‍ക്ക് അവിശ്വാസത്തിന് നോട്ടീസ് നല്‍കണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണകൂടി വേണം.
തനിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള അംഗബലം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ പിജെ ജോസഫ് വിഭാഗത്തിന് ഇല്ലാത്തിനാല്‍ ഇതിനായി കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് അവരുടെ ആവശ്യം. കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിച്ചാല്‍ ജോസ് കെ മാണി ഇടയും. മുന്നണി വിടുന്നതിലാവും ഇത് കലാശിക്കുക. ഈ സാധ്യത കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്.
ജോസ് കെ.മാണി ഇറങ്ങിവന്നാല്‍ ഇടതുമുന്നണി യോഗത്തില്‍ ഇരിപ്പിടം ഉറപ്പാണ്. പ്രാഥമിക ചര്‍ച്ചകള്‍ ഇതിനോടകം തന്നെ നടന്നുകഴിഞ്ഞുവെന്ന് ഇടതുമുന്നണി വൃത്തങ്ങള്‍ പറഞ്ഞു. ജോസ് കെ.മാണി അകന്നുപോകാനുള്ള സാധ്യത മുന്നില്‍ കണ്ടാണു യുഡിഎഫ് ഇരിക്കുന്നതും. ഒരു കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോയാല്‍ അവിടെ നിന്ന് മറ്റു കേരള കോണ്‍ഗ്രസുകളെ തിരികെ എത്തിക്കണമെന്ന ആലോചന യുഡിഎഫിലുണ്ട്.
പി.സി.ജോര്‍ജിനെയും ഒപ്പം കൂട്ടാന്‍ ജോസഫിന് താല്‍പര്യമുണ്ടെങ്കിലും യുഡിഎഫ് ഘടകകക്ഷികളില്‍ പലര്‍ക്കും തൃപ്തിയില്ല. ഇതെല്ലാം തലവേദനയുണ്ടാക്കാമെങ്കിലും ജോസ് കെ.മാണിയെ മറുകണ്ടം ചാടിക്കുക, ബാക്കി പിന്നെ നോക്കാം എന്നാണ് ഇടതു ലൈന്‍.
ഇടതുപക്ഷം ജോസ് കെ മാണിയെ ആയിരിക്കും സ്വീകരിക്കാൻ താല്പര്യം കൂടുതൽ കാണിക്കുക .യുഡിഎഫിൽ നിന്നാൽ ഇനി ഗുണം ഒന്നും ഇല്ലാ എന്നുള്ള ചിന്ത ജോസ് കെ മാണി വിഭാഗത്തിനുണ്ട്: എന്നാൽ ഇടതുപക്ഷത്തിന് ജോസ് കെ മാണി വിഭാഗത്തിനെ കൂടെ കൂട്ടുക എന്നതിനായിരിക്കും കൂടുതൽ താല്പര്യം .
ജോസ് പക്ഷം തയ്യാറാവണം
നേരത്തേയുണ്ടാക്കിയ ധാരണ പാലിക്കാന്‍ ജോസ് പക്ഷം തയ്യാറാവണം എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ജില്ലാപ പഞ്ചായത്ത് ഭരണത്തിലെ അവസാന 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും അവസാന 6 മാസം പിജെ ജോസഫ് വിഭാഗത്തിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ഇത് സംബന്ധിച്ച് രേഖാപരമായ കരാറൊന്നും നിലവില്‍ ഇല്ല എന്നാണ് ജോസ് പക്ഷം ഇപ്പോള്‍ അവകാശപ്പെടുന്നത്.
എന്നാൽ നേരത്തെ ഇത്തരമൊരു നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറായില്ലെന്നും ജോസ് കെ മാണി പക്ഷം പറയുന്നു. ധാരണ ഉണ്ടാക്കിയ യുഡിഎഫിന് അതില്‍ നടപ്പില്‍ വരുത്തേണ്ട ഉത്തരവാദിത്തം ഉണ്ട് എന്നതാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. ഇതോടെയാണ് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ജോസിനോട് കോണ്‍ഗ്രസിന് നിരന്തരം ആവശ്യപ്പെടേണ്ടി വരുന്നത്.
പ്രസിഡന്‍റ് പദവി ജോസഫിന് വിട്ടുനല്‍കണം എന്നതില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ജോസ് കെ മാണി മുന്നണി വിട്ടേക്കും. അത്തരമൊരു ഘട്ടത്തില്‍ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ചും കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ ആലോചിക്കുന്നുണ്ട്. ജോസ് കെ മാണി വിഭാഗം മുന്നണിക്ക് പുറത്തുപോയാല്‍ മത്സരിക്കാന്‍ അധികമായി കുറഞ്ഞത് മൂന്ന് സീറ്റുകള്‍ എങ്കിലും അധികമായി കിട്ടുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
യുഡിഎഫില്‍ തുടരേണ്ടതില്ല..
മുന്നണി മര്യാദ പാലിക്കാതെ ഇരിക്കുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ തുടരേണ്ടതില്ലെന്നാണ് കോട്ടയം ഡിസിസിയുടെയും നിലപാട്. മുന്നണിയെ ഭീഷണിപ്പെടുത്തുന്നവര്‍ പുറത്തു പോകട്ടെയെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിസിസി യോഗത്തില്‍ ഭൂരിപക്ഷവും സ്വീകരിച്ച നിലപാട്.
കേരള കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടി വരുന്നതിനാല്‍ ജില്ലയിലെ പല നേതാക്കളും മറ്റ് ജില്ലകളില്‍ നിന്നാണ് മത്സരിക്കുന്നത്. ചങ്ങനാശ്ശേരിക്കാരനും മുൻ ഡിസിസി അധ്യക്ഷനുമായ കെ.സി ജോസഫ് 1982 മുതൽ കണ്ണൂരിലെ ഇരിക്കൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് മത്സരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടി പ്രാദേശിക പ്രവര്‍ത്തകരില്‍ നിന്ന് വികാരം ശക്തമാണ്.
പാലാ മണ്ഡലത്തില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ നിന്നാണ് മത്സരിച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതിക സുഭാഷ്, ഡിസിസി മുൻ അധ്യക്ഷൻ ടോമി കല്ലാനി, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, തുടങ്ങിയ നിരവധി നേതാക്കളും അടുത്ത നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യം വെക്കുന്നുണ്ട്.
അതിനാല്‍ തന്നെ ജോസ് കെ മാണി വിഭാഗം ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് അതികം വില കല്‍പ്പിക്കേണ്ടതില്ലെന്നും ഡിസിസി നേതൃത്വം വിലയിരിത്തുന്നു. നില്‍വില്‍ കേരള കോണ്‍ഗ്രസിലെ ശക്തന്‍ പിജെ ജോസഫ് ആണ് എന്നതും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി വിഷയത്തില്‍ ശരി അവരുടെ പക്ഷത്ത് ആയതിനാലും ജോസ് കെ മാണിക്ക് എതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മിക്കവരും.
ഗുണം ജോസഫിന്
ജോസിനെക്കാള്‍ ജോസഫിനെ ഒപ്പം നിര്‍ത്തുന്നതാണ് തങ്ങള്‍ക്ക് ഗുണമായി തീരുകയെന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും വിലയിരുത്തുന്നു. ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പിജെ ജോസഫ്. കേരള കോണ്‍ഗ്രസ് ജേക്കബിനെ പിളര്‍ത്തി ജോണി നെല്ലൂര്‍ വിഭാഗത്തെ തങ്ങളോട് അടുപ്പിക്കാന്‍ ജോസഫിന് സാധിച്ചിട്ടുണ്ട്. പഴയ മാണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും അടുത്തിടെ ഇടതുമുന്നണി വിട്ടുവന്ന ഫ്രാന്‍സിസ് ജോസഫ് വിഭാഗവും അദ്ദേഹത്തോടൊപ്പം നിലയുറപ്പിക്കുന്നുണ്ട്.
ഇനിയും തുടരാന്‍ അനുവദിക്കില്ല
മുന്നണിയില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി സ്ഥാനങ്ങള്‍ നേടിയെടുക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന വികാരം കോണ്‍ഗ്രസിനുണ്ട്. ജോസ് കെ മാണിയുടെ രാജ്യസഭാ സീറ്റും ഇതിന് ഉദാഹരണമാണെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഈ രീതി ഇനിയും തുടര്‍ന്ന് പോവാന്‍ അനുവദിക്കുന്നത് ശരിയാവില്ലെന്നും അന്തിമ നിലപാട് സ്വീകരിക്കാന്‍ യുഡിഎഫ് നേതൃത്വം ഉടന്‍ തയ്യാറാവണമെന്നും ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.