സമീപ സംസ്ഥാനങ്ങളില്‍ നിന്ന് മുനമ്പത്ത് എത്തുന്ന മത്സ്യബന്ധന തൊഴിലാളികളെ നിയന്ത്രിക്കും: മന്ത്രി സുനില്‍കുമാര്‍

കൊച്ചി: ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തിയതോടെ സമീപ സംസ്ഥാനങ്ങളില്‍ നിന്ന് വള്ളവുമായി എത്തുന്ന പരമ്പരാഗത മത്സ്യ ബന്ധന തൊഴിലാളികളെ നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. നൂറ് കണക്കിന് മത്സ്യ ബന്ധന തൊഴിലാളികള്‍ ആണ് അനുവാദമില്ലാതെ മുനമ്പം ഹാര്‍ബറില്‍ ഉള്‍പ്പടെ മത്സ്യങ്ങളുമായി എത്തുന്നത്. ആരോഗ്യ വകുപ്പും പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തും. പ്രദേശത്ത് ആള്‍ക്കൂട്ടമുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കൂടുതലായി എത്തുന്ന എറണാകുളം ജില്ലയിലെ ഗോഡൗണുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ലോഡുമായി എത്തുന്ന ആളുകളെ പ്രദേശവാസികളോട് ഇടപെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു.

വിമാനത്താവളത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണ്. കുറഞ്ഞ പണത്തിലോ സൗജന്യമായോ ഏര്‍പ്പെടുത്താനാണ് ശ്രമം. അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാൻ ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി എറണാകുളം റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ ശേഷം ട്രെയിനുകളില്‍ യാത്ര തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാത്ത ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്തിറങ്ങിയ ശേഷം കൊല്ലത്തേക്ക് യാത്ര ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.