തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കുള്ള ഓൺലൈൻ പഠന സമ്പ്രദായത്തിൽ തിങ്കളാഴ്ച മുതൽ പുതിയ ക്ലാസുകൾ തുടങ്ങും. ജൂൺ ഒന്ന് മുതൽ ആദ്യ ഒരാഴ്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് വിക്ടേഴ്സ് ചാനൽ വഴി കാണിച്ചിരുന്നത്. ഓൺലൈൻ പഠന സൗകര്യത്തിന് പുറത്ത് നിൽക്കുന്ന കുട്ടികൾക്ക് സൗകര്യം ഒരുക്കാൻ ആദ്യ ഒരാഴ്ചത്തെ സമയം അനുവദിക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരുന്നു.
അതനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങൾ വഴിയും സന്നദ്ധ സംഘടകൾ വഴിയും പരമാവധി പേര്‍ക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് അടുത്ത ഘട്ട ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതെന്ന് വിക്ടേഴ്സ് സിഇഒ അൻവര്‍ സാദത്ത് അറിയിച്ചു.
ടി വി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. ഇവർക്കും രണ്ട് ദിവസം കൊണ്ട് ടിവി എത്തിക്കുമെന്നാണ് വാദ്ഗാനം . അറബി ഉറുദു സംസ്‌കൃതം ക്ലാസുകളും തിങ്കളാഴ്ച തന്നെ തുടങ്ങും . മുൻ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് തന്നെയാണ് ക്ലാസുകൾ നടക്കുക. ആദ്യഘട്ട ക്ലാസുകൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടയതെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മികച്ച പ്രതികരണമാണെന്നും വിക്ടേഴ്സ് സിഇഒ അൻവര്‍ സാദത്ത് പറഞ്ഞു.