കാഠ്‍മണ്ഡു: ഇന്ത്യയുടെ ശക്തമായ എതിർപ്പ് വകവയ്ക്കാതെ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റ് അംഗീകരിച്ചു. ഇന്ത്യൻ അതിർത്തിയോടു ചേർന്ന് ഉത്തരാഖണ്ഡിലുള്ള കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് നേപ്പാൾ പാർലമെന്റ് പാസാക്കിയത്.
ഇന്ത്യൻ അതിർത്തിയിലെ കലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം പുതിയ ഭൂപടം പ്രകാരം നേപ്പാൾ അതിർത്തിയിലാണ്. ചൈനയുമായി 1962 ൽ നടന്ന യുദ്ധത്തിന് ശേഷം ഇന്ത്യ ശക്തമായ സൈനിക നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്ന തന്ത്രപ്രധാനമായ മേഖലകളാണ് ഇവ. ഇതോടെ ഇരു രാജ്യങ്ങളുമായി തുടർന്നുവന്ന നയതന്ത്ര സൗഹൃദം ഉലയാനാണ് സാധ്യത.
275 അംഗ ജനപ്രതിനിധി സഭയിൽ പ്രതിപക്ഷ പിന്തുണയോടെയാണു ഭേദഗതി ബിൽ പാസായത്. തുടർനടപടികൾക്കായി ബിൽ ദേശീയ അസംബ്ലിയിലേക്ക് അയക്കും.
ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. കഴിഞ്ഞ മാസം, ലിപുലേഖ് ചുരവും കാലാപാനിയും ലിംപിയാധുരയും നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന പുതിയ ഭൂപടത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ന് ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും പുതിയ ഭൂപടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മാസം സർക്കാർ പുതിയ മാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ് പാർട്ടി അതിനെ പിന്തുണച്ചിരുന്നു. ഇനി മാപ്പ് ദേശീയ അസംബ്ലിയുടെ അംഗീകാരത്തിന് അയക്കും. അവിടെയും വോട്ടെടുപ്പിലൂടെ മാപ്പ് അംഗീകരിക്കും.
അതിർത്തിയിലെ തർക്കപ്രദേശമായ കാലാപാനി ഉത്തരാഖണ്ഡിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ ധാർജുലയുടെ ഭാഗമാണിതെന്നു നേപ്പാൾ അവകാശപ്പെടുന്നു. ചരിത്രവസ്തുതകളോ തെളിവുകളോ ആധാരമാക്കാത്തതാണ് ഇത്തരം ഭൂപട അവകാശവാദങ്ങളെന്നു വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.