തിരുവനന്തപുരം: മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ട പൊഴിയൂർ സ്വദേശി ജോണിന്റെ
മൃതദേഹം സെമിത്തേരിയിൽ നിന്ന് പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മൂന്ന് മാസം മുമ്പാണ് ജോൺ മരിച്ചത്. ഇയാളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛനും സഹോദരിയും പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ജോണിന്റെ ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിലെ അസ്വഭാവികതയാണ് സംശയത്തിന് കാരണമായത്.
കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് ജോൺ മരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്റെ ബന്ധുക്കളോട് പറഞ്ഞത്. തുടർന്ന് പള്ളിയിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്തു. എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിച്ചില്ലെന്നാണ് ജോണിന്റെ സഹോദരി പറയുന്നത്. ഭാര്യയുടേയും മക്കളുടേയും പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനാലാണ് അച്ഛനും സഹോദരിയും പരാതി നൽകിയത്. തുടർന്ന് പരാതി പിൻവലിക്കണം എന്നുപറഞ്ഞ് വല്ലാതെ നിർബന്ധിച്ചുവെന്നും സഹോദരി ലീൻമേരി വ്യക്തമാക്കി.
കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
ജോണിന്റേത് സ്വാഭാവികമരണമെന്ന് ബന്ധുക്കൾ അറിയിച്ചതിനാലാണ് പള്ളിയിൽ അടക്കിയതെന്ന് വികാരി പൊലീസിനോട് പറഞ്ഞു. സംസ്കരിച്ച് ഒരാഴ്ചക്ക് ശേഷമാണ് പരാതി കിട്ടുന്നതെന്ന് പൊഴിയൂർ പൊലീസ് വ്യക്തമാക്കി. ആത്മഹത്യയാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ പോസ്റ്റ്മോർട്ടം നടത്തി മാത്രമേ സംസ്കരിക്കുമായിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു.