മഹാരാഷ്ട്രയിൽ കൊറോണ പരിശോധനയ്ക്ക് സ്വകാര്യ ലബോറട്ടറികളുടെ നിരക്ക് കുറച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ പരിശോധനയ്ക്ക് സ്വകാര്യ ലബോറട്ടറികളുടെ നിരക്ക് കുറച്ചു. ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് വേണ്ടിയുള്ള നടപടിയാണിതെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു. നിലവിൽ പുതുക്കി നിശ്ചയിച്ചിട്ടുള്ളത് സ്വകാര്യ ലാബുകൾക്ക് പരമാവധി ഈടാക്കാവുന്ന നിരക്കാണ്. ഇതിനു പുറമേ, ജില്ലാ കളക്ടർമാർക്ക് ലബോറട്ടറികളുമായി ചർച്ച നടത്തി നിരക്കുകൾ ഇനിയും കുറയ്ക്കാമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ലാബുകൾ ഉയർന്ന നിരക്ക് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും- തോപെ പറഞ്ഞു. 4500-ൽ നിന്ന് 2200 രൂപ ആയിട്ടാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് ആശുപത്രികളിൽ നിന്നുള്ള സ്രവം പരിശോധനക്ക് 2200 ഉം വീടുകളിൽ നിന്ന് ശേഖരിച്ച് പരിശോധന നടത്തുന്നതിന് 2800 രൂപയാകും ഇനി ഈടാക്കുക. നേരത്തേ ഇത് 4500 , 5200 രൂപ വരെയായിരുന്നു.