കരിപ്പൂരിൽ ടെർമിനൽ മാനേജർക്കും എയര്‍ ഇന്ത്യ ജീവനക്കാരനും കൊറോണ ; ഡയറക്ടർ ഉൾപെടെ 35 പേർ ക്വാറന്റീനിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കും എയര്‍ ഇന്ത്യ ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ എയർപോർട്ട് ഡയറക്ടർ ഉൾപെടെ 35 പേർ ക്വാറന്റീനിൽ പ്രവേശിച്ചു. കസ്റ്റംസ്, സി, ഐ എസ് എഫ് എന്നിവരടക്കം വിവിധ മേഖലകളിലെ നിരവധി ഉദ്യോഗസ്ഥരുമായി ടെർമിനൽ മാനേജർ സമ്പർക്കത്തിൽ ഉണ്ടായിരുന്നെന്നാണ് വിലയിരുത്തൽ.
എയർപോർട്ട് ഉദ്യോഗസ്ഥർ ഉൾപെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി ഇദ്ദേഹം യോഗം നടത്തിയിരുന്നു.
ഇതോടെ വിമാനത്താവളം അടച്ചിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.

ജൂൺ ഏഴിനാണ് ടെർമിനൽ മാനേജറുടെ സ്രവ സാമ്പിൾ പരിശോധനക്ക് അയച്ചത്. ശനിയാഴ്ച ഉച്ചയോടെ പരിശോധന ഫലം വന്നതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച വരെ ഇദ്ദേഹം ജോലിക്ക് വിമാനത്താവളത്തിൽ എത്തിയിരുന്നു. അതിനാൽ തന്നെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുക എന്നത് വലിയൊരു പ്രതിസന്ധിയായിരിക്കുകയാണ്. വിദേശത്ത് നിന്ന് ആദ്യ ഘട്ടത്തിൽ വന്ന ചില രോഗികളുമായി ഇദ്ദേഹം ഇടപഴകിയിരുന്ന്. ഇതേ തുടർന്നാണ് പരിശോധന നടത്താൻ ആരോഗ്യ വകുപ്പിനോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.

ജീവനക്കാരുടെ ഇടയില്‍ പരിശോധന നടത്തണമെന്ന് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.ആദ്യഘട്ടത്തില്‍ മഞ്ചേരി ആശുപത്രിയിലാണ് ജീവനക്കാരില്‍ ചിലര്‍ പരിശോധനയ്ക്ക് പോയത്. അവിടെ കൊറോണ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി സംശയം ഉയര്‍ന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തണമെന്നതാണ് ജീവനക്കാരുടെ മുഖ്യ ആവശ്യം.