ന്യൂഡെല്‍ഹി : രാജ്യത്ത് കൊറോണ മരണനിരക്ക് ഉയരുന്നത് തടയാന്‍ കൊറോണ പ്രതിരോധത്തിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
സംസ്ഥാനങ്ങള്‍ സമിതിയുമായി ആശയവിനിമയം നടത്തണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
ആശയവിനിമയത്തിനായി ഹെല്‍പ്പ് ലൈന്‍ സംവിധാനവും കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികില്‍സയില്‍ സഹായം ഉറപ്പാക്കണം. പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികളും ഹെല്‍പ്പ്‌ലൈന്‍ സംവിധാനത്തിന് കീഴില്‍ വരും.
ഐസിയുവില്‍ കഴിയുന്ന രോഗികളുടെ ചികില്‍സയ്ക്ക്, ടെലി കണ്‍സള്‍ട്ടേഷനായി വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുക, രോഗവ്യാപനം തടയുക തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.