ന്യൂഡല്‍ഹി: നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊറോണ സമൂഹവ്യാപനം നടന്നതായി കഴിഞ്ഞതായി വിദഗ്ധർ. രാജ്യത്ത് കൊറോണ സാമൂഹ വ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ലെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നിലപാടിനെതിരെയാണ് വിദഗ്ധർ രംഗത്തെത്തിയത്.. രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് സീറോ സർവെയിലെ കണ്ടെത്തലുകൾ പുറത്തുവിട്ട് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറോളജി വിഭാഗത്തിലെ വിദഗ്ധർ രംഗത്തെത്തിയത്.
സത്യം അംഗീകരിക്കുന്നതിൽ സർക്കാർ പിടിവാശി കാണിക്കരുതെന്നും വിദഗ്ധർ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹ വ്യാപനം നടന്നുകഴിഞ്ഞു എന്ന കാര്യത്തില്‍ സംശയമില്ലെന്ന് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എം.സി മിശ്ര പറഞ്ഞു. ഐസിഎംആറിന്റെ സർവെയും മിശ്ര തള്ളി. സാമൂഹ വ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,400 സാമ്പിളുകള്‍ മാത്രമാണ് പരിശോധിച്ചത്. രോഗവ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ഇത് അപര്യാപ്തമാണ്. പ്രത്യേകിച്ച്, ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍, മിശ്ര ചൂണ്ടിക്കാട്ടി.
ഇന്ത്യ നേരത്തെ തന്നെ സാമൂഹ വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരുന്നതായി പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യരംഗത്തെ അധികാരികള്‍ അത് അംഗീകരിക്കുന്നില്ല എന്നേയുള്ളൂ. ഐസിഎംആര്‍ തന്നെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത് ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട 40% പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല എന്നാണ്. ഇവര്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ഏതെങ്കിലും കൊറോണ രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.