ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്റ് ആശുപത്രിയിൽ 90 ഡോക്ടർമാർക്ക് കൊറോണ

ചെന്നൈ: ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ 90 ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. രാജീവ് ഗാന്ധി ഗവൺമെൻ്റ് ആശുപത്രിയിലെ 90 ഡോക്ടർമാർക്ക് രോ​ഗം സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. പത്ത് ദിവസത്തിനിടെയാണ് ഇത്രയധികം രോ​ഗ വ്യാപനമുണ്ടായത്.
കൊറോണ രോഗികളെ ചികിത്സിക്കാത്ത മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർക്കും വൈറസ് ബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു ആശുപത്രിയിലെ സ്ഥിതി ഇത്ര സങ്കീർണമായിരിക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാരെല്ലാം ചികിത്സയിൽ കഴിയുന്നതിനാൽ
മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള 300 ഡോക്ടർമാരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 42,687 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 397 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. ലോക്ക്ഡൗണിൽ കൂടുതല്‍ ഇളവ് നല്‍കിയതോടെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.